
വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്ടിച്ച സീനിയർ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സി.സി.പി.ഒ. സബിത്തിനെതിരെയാണ് നടപടി. ഒളിവിൽ പോയ ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ ബത്തേരി ഡിവൈ.എസ്.പി. നൽകിയ ശുപാർശയെത്തുടർന്നാണ് സസ്പെൻഷൻ.
ഏഴ് ചാക്ക് ഹാൻസ് സ്വന്തം കാറിൽ കടത്തി ജൂൺ 7-ന് ബത്തേരി ദൊട്ടപ്പകുളത്തുനിന്ന് പിടികൂടി കോടതിയിൽ ഹാജരാക്കിയ ശേഷം സ്റ്റേഷൻ വളപ്പിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസാണ് സബിത്ത് കവർന്നത്. ജൂലൈ 18-ന് രാത്രി ജി.ഡി. ചുമതലയിലുണ്ടായിരുന്ന ഇയാൾ, അർദ്ധരാത്രി 12 മണിക്ക് ശേഷം സ്റ്റോർ റൂമിന്റെ താക്കോൽ ഉപയോഗിച്ച് മുറി തുറന്ന് സ്വന്തം കാറിൽ തൊണ്ടിമുതൽ കടത്തുകയായിരുന്നു.കഴിഞ്ഞ പത്താം തീയതി സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിയുന്നത്.
താക്കോൽ ഉപയോഗിച്ച് മുറി തുറന്ന നിലയിലായതിനാൽ തുടക്കം മുതൽ പൊലീസുകാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഒടുവിൽ സി.സി.ടി.വി. (CCTV) ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സബിത്താണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ ഉൾപ്പെടെയുള്ള ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ് പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയ മോഷണം നടന്നിരിക്കുന്നത്. ഓണത്തിന് ശേഷം മെഡിക്കൽ ലീവിലായിരുന്ന സബിത്ത് നിലവിൽ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.