Banner Ads

കാട്ടാക്കടയിൽ ഗുണ്ടാ ആക്രമണം: വീട് തല്ലിത്തകർത്ത് തീയിട്ടു; സഹോദരീപുത്രനോടുള്ള വൈരാഗ്യമെന്ന് സംശയം

കാട്ടാക്കട: കാട്ടാക്കടയിൽ വീടിനുള്ളിൽ അതിക്രമിച്ചു കയറിയ ഗുണ്ടാസംഘം വീട്ടുപകരണങ്ങൾ അടിച്ച് തകർത്ത ശേഷം തീയിട്ടു. കാട്ടാക്കട സ്വദേശി ആനന്ദിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വൻ ആക്രമണം നടന്നത്. ആനന്ദിന്റെ സഹോദരിയും കുടുംബവുമാണ് ഈ സമയം വീട്ടിൽ താമസിച്ചിരുന്നത്.പുലർച്ചെ കൂട്ടമായെത്തിയ അക്രമികൾ വീട്ടിനുള്ളിൽ കടന്ന് കട്ടിലുകൾ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ തല്ലിത്തകർത്ത് സമീപത്തെ തോട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.

തുടർന്ന് ജനലുകളും ബാത്ത്റൂമും പൂർണ്ണമായി തകർത്ത ശേഷം വീടിന് തീയിടുകയായിരുന്നു.
ആക്രമണം നടത്തിയ സംഘത്തെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആനന്ദിന്റെ സഹോദരീപുത്രനായ അഖിലുമായി പ്രതികൾക്കുള്ള വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.