
തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി കെ.എസ്.ഇ.ബി.യും സർക്കാരും. പ്രതിസന്ധി മറികടക്കുന്നതിനായി ഈ മാസം 30 വരെ യൂണിറ്റിന് 30 രൂപ നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി. നീക്കം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് അനുമതി തേടി കെ.എസ്.ഇ.ബി. ഇന്ന് സർക്കാരിന് ഔദ്യോഗികമായി കത്ത് നൽകും.അതിനിടെ, വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു.
വൈദ്യുതി രംഗത്തെ വിദഗ്ധരുമായും റെഗുലേറ്ററി കമ്മീഷൻ മുൻ ചെയർമാന്മാരുമായും മുഖ്യമന്ത്രി ചർച്ച നടത്തി. ഇതോടൊപ്പം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും തലത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.വൻ തുക നൽകി വൈദ്യുതി വാങ്ങുന്നതിനായി കെ.എസ്.ഇ.ബി. സർക്കാരിന് നൽകുന്ന കത്തിൽ പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ പ്രത്യേക അനുമതി നൽകുക.വൈദ്യുതി വാങ്ങുന്നതിനായി കെ.എസ്.ഇ.ബി.ക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകുക.നിലവിൽ യൂണിറ്റിന് 10 രൂപയിൽ കൂടുതൽ നൽകി വൈദ്യുതി വാങ്ങരുതെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ ചട്ടം. എന്നാൽ എൻ.ടി.പി.സി.യിൽ (NTPC) നിന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് നിലവിലെ ധാരണ. സർക്കാരിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും കെ.എസ്.ഇ.ബി. പുതിയ കരാറുകളുമായി റെഗുലേറ്ററി കമ്മീഷനെ സമീപിക്കുക.
മിച്ച വൈദ്യുതിക്കായി ഉത്തരേന്ത്യയിലേക്ക് ഉന്നതസംഘം
പവർക്കട്ട് ലഘൂകരിക്കുന്നതിന് ബദൽ മാർഗങ്ങൾ തേടി കെ.എസ്.ഇ.ബി. ഡയറക്ടർ ബോർഡ് അംഗങ്ങൾ ഇന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് തിരിക്കും.സിസ്റ്റം ഓപ്പറേഷൻസ് ഡയറക്റ്റർ പി. ശിവദാസൻ ഫിനാൻസ് ഡയറക്ടർ: ആർ. ബിജു ഇവർ ഉൾപ്പെടുന്ന സംഘമാണ് ഉത്തരേന്ത്യയിലെ മിച്ച വൈദ്യുതിയുള്ള സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായും വിവിധ സ്വകാര്യ കമ്പനികളുമായും ചർച്ച നടത്തുക. കൂടാതെ ന്യൂഡൽഹിയിലെ എൻ.ടി.പി.സി. ആസ്ഥാനത്തും സംഘം സന്ദർശനം നടത്തും.