
കണ്ണൂർ : ജില്ലയിൽ കാലാവസ്ഥാ വ്യതിയാനത്തെയും കടുത്ത ചൂടിനെയും തുടർന്ന് പനി ബാധിതരുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സർക്കാർ-സ്വകാര്യ ആശുപത്രികളിലും ദിവസവും 200 ലധികം പേരാണ് പനിക്ക് ചികിത്സ തേടിയെത്തുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം അയ്യായിരത്തോളം പേർ ജില്ലയിൽ വൈറൽ പനി ബാധിച്ച് ചികിത്സ തേടി. വൈറൽ പനിക്ക് പുറമെ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കണ്ണൂർ കോർപറേഷൻ, ചിറക്കൽ, തളിപ്പറമ്പ്, നാറാത്ത് തുടങ്ങിയ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി ബാധിതർ കൂടുതലായുള്ളത്.
തളിപ്പറമ്പ് താലൂക്ക് ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം മാത്രം ചികിത്സ തേടിയെത്തിയവരുടെ എണ്ണം ആയിരം കടന്നു. രുചിയില്ലായ്മ, കടുത്ത ക്ഷീണം, തലവേദന, രക്തസമ്മർദ്ദം കുറയൽ, തലകറക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
സാധാരണ വൈറൽ പനി 2-3 ദിവസത്തിനുള്ളിൽ മാറാറുണ്ടെങ്കിലും നിലവിൽ പലരിലും ഇത് രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്നുണ്ട്. പനി മാറിയശേഷവും വിട്ടുമാറാത്ത ക്ഷീണം കാരണം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കൂടുതൽ ദിവസങ്ങൾ വേണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥാ വ്യതിയാനം, കൊതുകുകളുടെ പെരുകൽ, ശുചിത്വമില്ലായ്മ എന്നിവയാണ് രോഗവ്യാപനത്തിന് കാരണം. പനിക്കൊപ്പം ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ, കടുത്ത ശരീരവേദന, തുടർച്ചയായ ഛർദി എന്നിവയുള്ളവർ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ഡോക്ടറെ കാണണമെന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദേശിച്ചു.
അതേസമയം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സയ്ക്കായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നത് രോഗികളെ വലയ്ക്കുന്നുണ്ട്.