Banner Ads

കഞ്ഞിക്കുഴിയിൽ വിവാഹസദ്യ മുടങ്ങി; കാഞ്ഞിരപ്പള്ളിയിലെ കേറ്ററിംഗ് ഏജൻസിക്കെതിരെ പരാതി

കോട്ടയം : വിവാഹച്ചടങ്ങിന് ഓർഡർ നൽകിയ ഭക്ഷണം എത്തിച്ചുനൽകിയില്ലെന്ന പരാതിയുമായി വധുവിന്റെ വീട്ടുകാർ. കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉദയം കേറ്ററിംഗ് സ്ഥാപനത്തിനും ഇതിന്റെ ഉടമ വിഷ്ണുവിനുമെതിരെയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

കഞ്ഞിക്കുഴിയിൽ നടന്ന രണ്ട് വിവാഹച്ചടങ്ങുകളിലാണ് കേറ്ററിംഗ് ഏജൻസിയുടെ വീഴ്ച കാരണം വധൂവരന്മാരും ബന്ധുക്കളും ദുരിതത്തിലായത്. ഉച്ചയായിട്ടും ഭക്ഷണം എത്താതിരുന്നതിനെ തുടർന്ന് സമീപത്തെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം എത്തിച്ചാണ് അതിഥികൾക്ക് നൽകിയത്.

കഞ്ഞിക്കുഴി സ്വദേശിനിയുടെ വിവാഹത്തിന് ഭക്ഷണവും സ്റ്റേജ് അലങ്കാരവും ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾക്കായി ഒരു ലക്ഷം രൂപയുടെ കരാറാണ് സ്ഥാപനത്തിന് നൽകിയിരുന്നത്. വെൽക്കം ഡ്രിങ്ക് ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ എത്താതിരുന്നതോടെ ബന്ധുക്കൾ കേറ്ററിംഗ് ഉടമയെ ഫോണിൽ ബന്ധപ്പെട്ടു.

വാഹനം അപകടത്തിൽപ്പെട്ടുവെന്നാണ് ആദ്യം നൽകിയ വിശദീകരണം. പിന്നീട് വിളിച്ചപ്പോൾ ഭക്ഷണം പാകം ചെയ്തിട്ടില്ലെന്നും എത്തിക്കാൻ കഴിയില്ലെന്നും സ്ഥാപന ഉടമ അറിയിക്കുകയായിരുന്നു. സംഭവത്തിൽ വധുവിന്റെ വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.