Banner Ads

വൈദ്യുതി പ്രതിസന്ധി രൂക്ഷം; എൻടിപിസിയിൽ നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് രൂക്ഷമായി തുടരുന്ന വൈദ്യുതി പ്രതിസന്ധി മറികടക്കാൻ അടിയന്തര നടപടികളുമായി സർക്കാർ. നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ 300 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചു. ഈ മാസം 30 വരെയാണ് ഈ ക്രമീകരണം.

അതേസമയം പ്രതിസന്ധി പരിഹരിക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായവും കെഎസ്ഇബി തേടുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുന്നതിനായി കെഎസ്ഇബി ബോർഡ് ഡയറക്ടർമാർ ഇന്ന് യാത്ര തിരിക്കും.

മധ്യപ്രദേശിൽ നിന്ന് വായ്പ വഴി കിട്ടുന്ന 200 മെഗാവാട്ട് ഇന്നും കിട്ടാത്തതിനാൽ സ്ഥിതി ​ഗുരുതരമായി തുടരും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിന ഉപയോഗത്തിൽ 1000 മെഗാവാട്ടിന്റെ വർധനവാണുണ്ടായിട്ടുള്ളത്. എന്നാൽ ഇതിന് അനുസൃതമായി ആഭ്യന്തര ഉൽപ്പാദനം നടത്താൻ സാധിക്കുന്നില്ല.

അടിയന്തര ഘട്ടങ്ങളിൽ കൂടുതൽ വില നൽകി വൈദ്യുതി വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും നിലവിലെ സാഹചര്യം കണക്കിലെടുത്ത് പുതിയ വൈദ്യുതി നയം രൂപീകരിക്കേണ്ടതുണ്ടെന്നും മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.