
തിരുവനന്തപുരം : ചിങ്ങ മാസത്തിലെ വെളുത്ത പക്ഷ ചതുർഥി ദിനമായ ഇന്ന് ഗണപതി ക്ഷേത്രങ്ങളിൽ വിനായക ചതുർഥി ഭക്തിനിർഭരമായി ആഘോഷിക്കുന്നു. ഭഗവാൻ ഗണപതിയുടെ പ്രീതിക്കായും വിഘ്നനിവാരണത്തിനായുമുള്ള പ്രത്യേക പൂജകളും വഴിപാടുകളുമാണ് ക്ഷേത്രങ്ങളിൽ നടക്കുന്നത്.
വിനായക ചതുർഥി ദിനത്തിലെ ഗണപതിഹോമം സർവ ദുഃഖങ്ങളും ശമിപ്പിച്ച് കുടുംബത്തിൽ ഐശ്വര്യം എത്തിക്കുമെന്നാണ് വിശ്വാസം. ഇന്ന് അഷ്ടദ്രവ്യങ്ങൾ ഹോമിച്ച് ഭഗവാനെ പ്രസാദിപ്പിച്ചാൽ അതിന്റെ ഗുണഫലങ്ങൾ ഒരു വർഷക്കാലം നിലനിൽക്കുമെന്നും വിശ്വാസമുണ്ട്.
ഉണങ്ങിയ നാളികേരം, പഴം, കരിമ്പ്, തേൻ, ശർക്കര, അപ്പം, അട, മലർ എന്നീ അഷ്ടദ്രവ്യങ്ങളാണ് മഹാഗണപതി ഹോമത്തിനായി ഉപയോഗിക്കുന്നത്. വിശേഷാൽ ഗണപതിഹോമത്തിന് പുറമെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മോദക നിവേദ്യം, ഗജപൂജ, ആനയൂട്ട് തുടങ്ങിയ വിവിധ ചടങ്ങുകളും പ്രധാന ഗണേശ ക്ഷേത്രങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്.