
തൃശ്ശൂർ : മുതിർന്ന സിപിഎം നേതാവും ട്രേഡ് യൂണിയൻ സംഘാടകനുമായ ബേബി ജോൺ മാസ്റ്റർ (74) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, സംസ്ഥാന കമ്മിറ്റി അംഗം, തൃശ്ശൂർ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മണലൂർ മണ്ഡലത്തിലെ തൈക്കാട് ചക്രമാക്കിൽ അന്തോണിയുടെയും മേരിയുടെയും മകനായി 1952ലായിരുന്നു ജനനം. 1969ൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തെത്തി. 1971ൽ പാർട്ടി അംഗമായി. പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു.
1984 മുതൽ 1997 വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായിരുന്നു. 1986ൽ ജില്ലാ കമ്മിറ്റി അംഗവും 1997ൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായി. 2006 ജൂലൈയിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കെ എസ് വൈ എഫ് ചാവക്കാട് താലൂക്ക് പ്രസിഡന്റായി 7 വർഷത്തോളം പ്രവർത്തിച്ചു.
സി ഐ ടി യു തൃശ്ശൂർ ജില്ലാ സെക്രട്ടറി, ബീഡിത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റും സെക്രട്ടറി, കേരള ബീഡി ആൻഡ് സിഗാർ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി, ചാവക്കാട് മേഖലാ ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ്,
തൃശ്ശൂർ ജില്ലാ ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റ് തുടങ്ങിയ ഒട്ടേറെ സംഘടനകളുടെ നേതൃസ്ഥാനങ്ങൾ വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഡിഐആർ പ്രകാരം രണ്ടുതവണ അറസ്റ്റിലാവുകയും രണ്ടരമാസം ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
1971 മുതൽ തൈക്കാട് പഞ്ചായത്തിലെ ബ്ലാങ്ങാട് പിവിഎംഎൽപി സ്കൂളിൽ അധ്യാപകനായിരുന്നു. പൊലീസ് നടപടികളുടെ ഭാഗമായി ഒന്നരവർഷം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. 1991ൽ അധ്യാപനത്തിൽ നിന്ന് സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.
ചാവക്കാട് നഗരസഭ നിലവിൽ വന്നപ്പോൾ (1980–85) കൗൺസിലറും ആദ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി. 1988ൽ വീണ്ടും കൗൺസിലറായി. 2011ൽ മണലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു.