
തിരുവനന്തപുരം : സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ നികുതി വരുമാനത്തിൽ വൻ വർധന. മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഒൻപതിനായിരം കോടി രൂപയിലധികം വർധനയാണ് രേഖപ്പെടുത്തിയത്.
ഓണം വിപണി സജീവമായ ഓഗസ്റ്റ് മാസത്തിലെ പ്രകടനമാണ് വരുമാന വർധനയ്ക്ക് തുണയായത്. ആദ്യ 5 മാസത്തെ ആകെ നികുതി വരുമാനം 51578.32 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ മാസത്തിൽ മാത്രം 14118 കോടി രൂപയാണ് സമാഹരിച്ചത്. മുൻ മാസത്തെക്കാൾ 4700 കോടി രൂപയുടെ വർധന. ആദ്യ 5 മാസത്തെ ജിഎസ്ടി വരുമാനം 20274 കോടി രൂപയാണ്.
ബജറ്റ് ലക്ഷ്യത്തിന്റെ 40 ശതമാനവും ആദ്യ 5 മാസം കൊണ്ട് കൈവരിക്കാനായി. കഴിഞ്ഞ വർഷം ഇത് 35 ശതമാനമായിരുന്നു. നികുതിയേതര വരുമാനത്തിൽ 8 ശതമാനത്തോളം വർധനയുണ്ടായി. ആകെ 7727 കോടി രൂപ ലഭിച്ചു. എന്നാൽ കഴിഞ്ഞ മാസം കേന്ദ്ര ഗ്രാൻഡുകളൊന്നും തന്നെ ലഭിച്ചില്ല.