Banner Ads

മലേഷ്യൻ പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്; കാന്തപുരവുമായി കൂടിക്കാഴ്ച നടത്തും

കോഴിക്കോട് : മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് (13/09/2026) വൈകിട്ട് കോഴിക്കോട് സന്ദർശനം നടത്തും. സമസ്ത എ പി വിഭാഗം നേതാവും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തും. രാത്രി 7.30 മുതൽ 9.30 വരെ കാരന്തൂർ മർകസസിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.

ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ എക്സലൻസ് അവാർഡ് ചടങ്ങിൽ വെച്ച് കാന്തപുരം അദ്ദേഹത്തിന് സമ്മാനിക്കും. തുടർന്ന് മടവൂർ സി എം മഖാം സന്ദർശിച്ച ശേഷം രാത്രിയോടെ അദ്ദേഹം മടങ്ങും. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പരമ്പരാഗത ധാരയിലുള്ള മികച്ച പണ്ഡിതനാണെന്നും അദ്ദേഹത്തിന്റെ പല നിലപാടുകളോടും യോജിപ്പുണ്ടെന്നും അൻവർ ഇബ്രാഹിം വ്യക്തമാക്കി.

എന്നാൽ സ്ത്രീകൾ വീട്ടിലിരിക്കണം എന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മലേഷ്യൻ പ്രധാനമന്ത്രി പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ വിവിഐപി സന്ദർശനം പ്രമാണിച്ച് വൈകിട്ട് 5 മണി മുതൽ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.