Banner Ads

വൈദ്യുതിയില്ലെന്ന കാരണം പറഞ്ഞ് രോഗിക്ക് ചികിത്സ വൈകിച്ചതായി പരാതി; പന്തളം എന്‍എസ്എസ് ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം

പത്തനംതിട്ട : വൈദ്യുതിയും ജനറേറ്റർ സംവിധാനവുമില്ലെന്ന കാരണം പറഞ്ഞ് അപസ്മാരബാധയുമായി എത്തിയ വൃദ്ധയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി. പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

നൂറനാട് സ്വദേശിയായ വിജയലക്ഷ്മിയെ (69) ആണ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചിട്ടും 10 മിനിറ്റോളം പുറത്ത് കിടത്തിയത്. ജനറേറ്റർ പ്രവർത്തനരഹിതമാണെന്നും രോഗിയെ മറ്റു ഏതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാനുമാണ് ജീവനക്കാർ ബന്ധുക്കളോട് നിർദ്ദേശിച്ചത്.

വിജയലക്ഷ്മി സ്ഥിരമായി ചികിത്സ തേടുന്ന ആശുപത്രിയായതിനാലാണ് ഇവിടെയെത്തിച്ചതെന്ന് അറിയിച്ചിട്ടും ജീവനക്കാർ വഴങ്ങിയില്ല. തുടർന്ന് ബന്ധുക്കൾ നേരിട്ട് കാഷ്വാലിറ്റി ഡോക്ടറെ വിവരമറിയിക്കുകയായിരുന്നു. ഡോക്ടറെത്തി പരിശോധിച്ചതോടെയാണ് രോഗിക്ക് ചികിത്സ ലഭ്യമായത്.

ഇത്രയും വലിയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ജനറേറ്ററിന്റെ തകരാർ പരിഹരിക്കാത്തത് ചോദ്യം ചെയ്തതോടെ ജീവനക്കാർ പ്രകോപിതരായെന്നും ബന്ധുക്കൾ ആരോപിച്ചു. നിലവിൽ രോഗിയുടെ ആരോഗ്യാവസ്ഥ തൃപ്തികരമാണ്.