Banner Ads

രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കിൽ

ന്യൂഡൽഹി/തിരുവനന്തപുരം: രാജ്യത്തെ താപവൈദ്യുതി നിലയങ്ങളിൽ കൽക്കരി സ്റ്റോക്ക് വലിയതോതിൽ കുറയുന്നതായി റിപ്പോർട്ട്. മൂന്നിലൊന്ന് കൽക്കരി നിലയങ്ങളിലും താപവൈദ്യുതി ഉൽപ്പാദനത്തിന് ആവശ്യമായ കൽക്കരിയില്ലെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് വെളിപ്പെടുത്തി. ഓഗസ്റ്റ് അവസാനത്തോടെ 45 നിലയങ്ങളിലുണ്ടായിരുന്ന കൽക്കരി ക്ഷാമം നിലവിൽ 59 നിലയങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഇതിൽ പല നിലയങ്ങളിലും മൂന്ന് ദിവസത്തേക്ക് മാത്രമുള്ള ഇന്ധനം മാത്രമാണ് ശേഷിക്കുന്നത്.

അന്തരീക്ഷ താപനില വർധിച്ചതോടെ രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. നിലവിലെ സാഹചര്യത്തിൽ നിലയങ്ങളിലേക്ക് ഇന്ധനമെത്തിക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ ഗുഡ്സ് ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്.

അതേസമയം, കൽക്കരി ക്ഷാമ മുന്നറിയിപ്പുകൾക്കിടെ കേരളത്തിലും വൈദ്യുതി ഉപഭോഗം റെക്കോർഡ് ഉയരത്തിലെത്തി. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 96.40 ദശലക്ഷം യൂണിറ്റായി ഉയർന്നതായി കെ.എസ്.ഇ.ബി അറിയിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.