Banner Ads

ദേശീയപാതയിലെ ഡിവൈഡർ ചാടിക്കടക്കവെ വേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം

കായംകുളം (ആലപ്പുഴ) : ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം. കരീലക്കുളങ്ങര രാമപുരത്ത് മാളിയേക്കൽ ജങ്ഷന് തെക്കുവശത്തായിരുന്നു അപകടം. പത്തിയൂർ പടിഞ്ഞാറ് കോട്ടൂർ തെക്കതിൽ സജി-സുധാമണി ദമ്പതികളുടെ മകൻ ആദിത്യൻ (16) ആണ് മരിച്ചത്.

രാമപുരം ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ആദിത്യൻ. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ മാളിയേക്കൽ ജങ്ഷന് സമീപം ദേശീയപാതയിലെ ഡിവൈഡർ ചാടിക്കടക്കുമ്പോഴാണ് വേഗത്തിലെത്തിയ കാർ ആദിത്യനെ ഇടിച്ചുതെറിപ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ഉടൻതന്നെ കരീലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് സംസ്കാരം നടക്കും. ആര്യയാണ് സഹോദരി.