Banner Ads

ഒരുവയസ്സുകാരി അന്നയുടെ കൊലപാതകം: ആശുപത്രിയിൽ കസ്റ്റഡിയിലുള്ള അമ്മയുടെ അറസ്റ്റ് ഉടൻ; ദാമ്പത്യ അസ്വാരസ്യങ്ങളെന്ന് നിഗമനം

തിരുവനന്തപുരം : മലയിൻകീഴ് വിളവൂർക്കലിൽ ഒരുവയസ്സുള്ള കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങളെന്ന് മൊഴി. കേസിലെ പ്രതിയായ ക്രിസ്റ്റിയാണ് പൊലീസിന് നൽകിയ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തൽ നടത്തിയത്.

വീട്ടിൽ പോകുന്നതിൽ നിന്ന് ഭർത്താവ് വിലക്കിയെന്നും കുടുംബത്തിൽ നിന്ന് അകറ്റി നിർത്തിയെന്നുമുള്ള മാനസിക വിഷമത്തിലാണ് കൊലപാതകം നടത്തിയതെന്ന് ക്രിസ്റ്റി പൊലീസിനോട് പറഞ്ഞു. മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ഉറക്കഗുളിക കഴിച്ചിരുന്നതായും യുവതി മൊഴിനൽകി.

യുവതിയുടെ മൊഴികൾ പൊലീസ് പരിശോധിച്ചുവരികയാണ്. കൊലപാതകത്തിന് പിന്നിൽ പ്രസവാനന്തര വിഷാദ രോഗം ഉൾപ്പെടെയുള്ള മാനസികാസ്വസ്ഥതകൾ കാരണമായിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിച്ച് വരുന്നു.

വിളവൂർക്കൽ പൊറ്റയിൽ സ്വദേശികളായ അഭിജിത്-ക്രിസ്റ്റി ദമ്പതിമാരുടെ മകൾ അന്നയാണ് കൊല്ലപ്പെട്ടത്. കിടപ്പുമുറിയിൽ കുഞ്ഞിനെ രക്തത്തിൽ കുളിച്ച നിലയിൽ മുത്തശ്ശിയാണ് ആദ്യം കണ്ടത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസിന്റെ കസ്റ്റഡിയിൽ ചികിത്സയിലാണ് ക്രിസ്റ്റി.

ആരോഗ്യനില വീണ്ടെടുക്കുന്ന മുറയ്ക്ക് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. കുഞ്ഞിന്റെ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.