
സുൽത്താൻ ബത്തേരി : ജില്ലയിൽ ലഹരി വിൽപ്പന നടത്തുന്നവരെയും അതിന് പിന്നിൽ പ്രവർത്തിക്കുന്ന വിതരണക്കാരെയും പിന്തുടർന്ന് പിടികൂടി വയനാട് പൊലീസ്. മുൻപ് മുത്തങ്ങയിലും അമ്പലവയൽ കോട്ടൂരിലും എംഡിഎംഎയുമായി പിടിയിലായ പ്രതികളിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് ലഹരി കൈമാറിയ പ്രധാന കണ്ണികളെ പൊലീസ് പിടികൂടിയത്.
തൃശൂർ ചേലക്കര അന്ത്രോട്ടിൽ വീട്ടിൽ എകെ ധനൂപ് (27), ബത്തേരി പള്ളിക്കണ്ടി കല്ലുവയൽ ജാസിം അലി (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജൂലൈ 27ന് മുത്തങ്ങയിൽ വെച്ച് സ്‌കൂട്ടറിന്റെ വൈസറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 17.188 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് രാമനാട്ടുകര സ്വദേശി കെ ഫഹദ് (25) പിടിയിലായിരുന്നു.
ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് ഇയാളെ ചോദ്യം ചെയ്തതോടെയാണ് ധനൂപിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടർന്ന് ബംഗളൂരുവിലെ ഫ്‌ളാറ്റിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. 2026 ജൂലൈ 20ന് അമ്പലവയൽ കോട്ടൂരിൽ നടത്തിയ പരിശോധനയിൽ 124.39 ഗ്രാം എംഡിഎംഎയുമായി കൽപ്പറ്റ സ്വദേശി വേണുഗോപാലി (35) നെ അമ്പലവയൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാൾക്ക് രാസലഹരി എത്തിച്ചുനൽകിയത് ജാസിം അലിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ ബത്തേരിയിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തു.