
തിരുവനന്തപുരം : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി (എൻഐപിഒ) റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്റർ പദ്ധതി ഈ മാസം ഒൻപതിന് പ്രഖ്യാപിക്കും. വൈകുന്നേരം 7 മണിക്ക് മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നിർവ്വഹിക്കും.
ആരോഗ്യമന്ത്രി കെ മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി സി പി ജോൺ, മേയർ വി വി രാജേഷ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. Re-Write the Cancer Story എന്ന പരിപാടിയുടെ ഉദ്ഘാടനം കല്യാൺ ജ്വല്ലേഴ്സ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ടി എസ് കല്യാണരാമൻ നിർവ്വഹിക്കും.
സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റിയും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്ന അന്തരിച്ച പി എച്ച് കുര്യൻ ഐഎഎസിനോടുള്ള ആദര സൂചകമായി കേരളത്തിലെ തീരദേശ-പിന്നാക്ക മേഖലകൾ കേന്ദ്രീകരിച്ച് സ്നേഹതീരം പദ്ധതിക്കും ചടങ്ങിൽ തുടക്കമിടും.
ക്യാൻസർ അവബോധം, സ്ക്രീനിംഗ്, നേരത്തെയുള്ള രോഗനിർണയം, പ്രതിരോധം എന്നിവ ലക്ഷ്യമിട്ട് തെക്ക് പൊഴിയൂർ മുതൽ വടക്ക് കാസർകോട് വരെയുള്ള തീരദേശ മേഖലകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
സ്വസ്തി ഫൗണ്ടേഷൻ, നിംസ് മെഡിസിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് തുടങ്ങി നിരവധി മെഡിക്കൽ-സാമൂഹിക സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും സഹകരണത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നത്.