Banner Ads

ഇന്ദുലേഖ പിറന്നത് ഭാര്യയോടുള്ള അഗാധ പ്രണയത്തിൽ നിന്ന്; ഒയ്യാരത്ത് ചന്തുമേനോന്റെ ഓർമ്മദിനം

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ യുടെ രചയിതാവ് ഒയ്യാരത്ത് ചന്തുമേനോന്റെ ചരമദിനമാണിന്ന്. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലും പ്രണയത്തിന് വലിയൊരു സ്ഥാനമുണ്ടായിരുന്നു. 1872ൽ അദ്ദേഹം വിവാഹം കഴിച്ച ലക്ഷ്മികുട്ടി അമ്മയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അഗാധമായ പരസ്പര സ്നേഹത്തിൽ അധിഷ്ഠിതമായിരുന്നു.

ആ ആത്മബന്ധവും പരസ്പരമുള്ള മനസ്സിലാക്കലുമാണ് മലയാളത്തിലെ ആദ്യത്തെ മാതൃകാ പ്രണയകഥയായ ഇന്ദുലേഖ രചിക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്. ചന്തുമേനോൻ ഇംഗ്ലീഷ് നോവലുകൾ വായിച്ച് മലയാളത്തിൽ ഭാര്യ ലക്ഷ്മികുട്ടി അമ്മയ്ക്ക് പറഞ്ഞു കൊടുക്കുമായിരുന്നു.

ബഞ്ചമിൻ ഡിസ്രേലിയുടെ ഹെൻറിയേറ്റ ടെമ്പിൾ എന്ന നോവൽ വായിച്ചുകൊണ്ടിരുന്നപ്പോൾ, ഇത് പുസ്തകമായി എഴുതിക്കൂടേയെന്ന് ഭാര്യ അദ്ദേഹത്തോട് ചോദിച്ചു. ഭാര്യയുടെ ആ ചോദ്യമാണ് മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖയുടെ പിറവിക്ക് കാരണമായത്.

മാത്രമല്ല, നോവലിലെ നായികയായ ഇന്ദുലേഖയുടെ കഥാപാത്രത്തിന് രൂപം നൽകാൻ അദ്ദേഹത്തിന് പ്രചോദനമായതും സ്വന്തം ഭാര്യ തന്നെയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇന്ദുലേഖ എഴുതുന്നതിന് തൊട്ടുമുമ്പ് അപ്പു നെടുങ്ങാടിയുടെ കുന്ദലത എന്ന നോവൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നുവെങ്കിലും,

ഇംഗ്ലീഷ് നോവലുകളുടെ സാങ്കേതിക തികവോടെയും ആധുനിക ശൈലിയിലും മലയാളത്തിൽ ഒരു കൃതിയില്ലെന്ന കുറവ് പരിഹരിക്കാനാണ് ചന്തുമേനോൻ ഔദ്യോഗിക തിരക്കുകൾക്കിടയിലും ഇന്ദുലേഖ രചിച്ചത്. പരപ്പനങ്ങാടി മുൻസിഫായി ജോലി ചെയ്യുമ്പോഴാണ് അദ്ദേഹം ഈ നോവൽ എഴുതുന്നത്.

ഇന്ദുലേഖയുടെ വൻ വിജയത്തിന് ശേഷം അദ്ദേഹം രചിച്ച രണ്ടാം നോവലാണ് ശാരദ മലബാറിലെ തറവാടുകളിലെ ജീർണ്ണതയും നായർ സമുദായത്തിലെ വിവാഹ സമ്പ്രദായങ്ങളിലെ പോരായ്മകളും തുറന്നുകാട്ടാൻ ലക്ഷ്യമിട്ടായിരുന്നു ഈ നോവൽ. എന്നാൽ ഇതിന്റെ ആദ്യ ഭാഗം മാത്രമേ അദ്ദേഹത്തിന് എഴുതാൻ കഴിഞ്ഞുള്ളൂ.

പെട്ടെന്നുള്ള അകാലമരണം കാരണം ആ നോവൽ അപൂർണ്ണമായി അവശേഷിക്കുകയാണുണ്ടായത്. ഹൃദയസ്തംഭനം മൂലം 1899 സെപ്റ്റംബർ 7ന് തലശ്ശേരിയിലെ തന്റെ വസതിയിൽ വെച്ചായിരുന്നു ഒയ്യാരത്ത് ചന്തുമേനോന്റെ മരണം. തന്റെ 52-ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.

 

സിന്ധു രാജീവ്