Banner Ads

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്: പ്രമുഖ ഗുണ്ടയും മയക്കുമരുന്ന് മാഫിയാംഗവുമായ യുവാവ് ബത്തേരിയിൽ പിടിയിൽ

സുൽത്താൻ ബത്തേരി: അടിവസ്ത്രത്തിനുള്ളിൽ സൂക്ഷിച്ച നിലയിൽ എംഡിഎംഎയുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കാസർഗോഡ് സ്വദേശിയെ സുൽത്താൻ ബത്തേരിയിൽ പോലീസ് പിടികൂടി. കാസർഗോഡ് പെരിയടുക്ക അൻസാർ മൻസിലിൽ പി.എ. അൻസാർ (27) ആണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും ബത്തേരി പോലീസിന്റെയും സംയുക്ത പരിശോധനയിൽ വലയിലായത്.

കർണാടക ആർടിസി ബസിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. പരിശോധനയിൽ ഇയാളിൽ നിന്ന് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 14.91 ഗ്രാം സാന്ദ്രീകൃത എംഡിഎംഎയും, 1.21 ഗ്രാം തൂക്കം വരുന്ന 2 എംഡിഎംഎ ഗുളികകളും പോലീസ് പിടിച്ചെടുത്തു.

മയക്കുമരുന്ന് കടത്ത്, വധശ്രമം, മോഷണം, വീടു കയറി ആക്രമണം തുടങ്ങി പത്തോളം ഗുരുതരമായ ക്രിമിനൽ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ അൻസാറെന്ന് പോലീസ് വ്യക്തമാക്കി. ബത്തേരി ഇൻസ്പെക്ടർ കെ.എസ്. അജേഷിന്റെ നിർദ്ദേശപ്രകാരം എസ്.ഐ സനൽ, ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ കുഞ്ഞിരാമൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശിവദാസൻ, ദീപേഷ് രാജൻ, സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.