Banner Ads

ഹോർമൂസിൽ ഒമാനുമായി ചേർന്ന് പുതിയ കപ്പൽപ്പാത; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ : അമേരിക്കൻ നാവിക ഉപരോധം തുടരുന്നതിനിടെ ഹോർമൂസിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കങ്ങളുമായി ഇറാൻ. ഒമാനുമായി സഹകരിച്ച് ഹോർമൂസിൽ പുതിയ കപ്പൽപ്പാത ഉടൻ പ്രഖ്യാപിക്കുമെന്ന് ഇറാന്റെ പരമാധികാര ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി വ്യക്തമാക്കി.

അമേരിക്കൻ നിലപാടുകൾക്ക് കാത്തുനിൽക്കാതെ ഹോർമൂസ് ഭാഗികമായി തുറന്നുകൊടുക്കാനാണ് ഇറാന്റെ തീരുമാനം. എന്നാൽ നിർദ്ദിഷ്ട പാത ഒഴികെയുള്ള ഹോർമൂസിലെ മറ്റ് സമുദ്ര മേഖലകളെ പൂർണ്ണമായും നിരോധിത മേഖലകളായി പ്രഖ്യാപിക്കും.

ഈ മേഖലകളിൽ പ്രവേശിക്കുന്ന കപ്പലുകൾക്ക് കർശന വിലക്ക് ഏർപ്പെടുത്താനാണ് തീരുമാനം. തങ്ങൾ മുന്നോട്ടുവെച്ച ഉപാധികൾ അമേരിക്ക പൂർണ്ണമായി അംഗീകരിച്ചാൽ മാത്രമേ ഹോർമൂസ് പൂർണ്ണതോതിൽ തുറക്കൂ എന്നും ഇറാൻ വ്യക്തമാക്കി.

ഹോർമൂസിന് പുറത്തുള്ള കടൽമേഖലകളിലും തങ്ങളുടെ സർവ്വധിപത്യം ഉറപ്പിക്കാനാണ് ഈ നീക്കത്തിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്. അതിനിടെ മേഖലയിൽ അമേരിക്കൻ പടക്കപ്പലിന് നേരെ പുതിയ കപ്പൽവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ഇറാൻ അവകാശപ്പെട്ടു.

ഇതോടൊപ്പം രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തി വഴി കടന്നുകയറാൻ ശ്രമിച്ച അമേരിക്ക ആയുധങ്ങൾ നൽകി സഹായിക്കുന്ന ഭീകരസംഘത്തെ പിടികൂടിയതായും ഇറാൻ അറിയിച്ചു. സാമ്പത്തിക ഉപരോധവും വിലക്കയറ്റവും രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തിനുള്ളിൽ ഇന്ധന ഉപഭോഗം നിയന്ത്രിക്കാൻ കടുത്ത നടപടികൾ ഇറാൻ പ്രഖ്യാപിച്ചു.

നിശ്ചിത പരിധിക്ക് മുകളിൽ ഇന്ധനം ഉപയോഗിക്കുന്നവർക്ക് ഉയർന്ന നിരക്ക് ഈടാക്കും. മാസം 110 ലിറ്ററിന് മുകളിൽ ഇന്ധനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ഇനി മുതൽ അധികവില നൽകേണ്ടിവരും.