Banner Ads

ഇരുട്ടിലാകുമോ കേരളം? കടുത്ത ചൂടിനിടെ വൈദ്യുതി നിയന്ത്രണം തുടർന്നേക്കും; കെഎസ്ഇബി കടുത്ത പ്രതിസന്ധിയിൽ

തിരുവനന്തപുരം : കടുത്ത ചൂടും അണക്കെട്ടുകളിലെ ജലക്ഷാമവും കാരണം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും ഭാഗിക നിയന്ത്രണങ്ങളും വരും ദിവസങ്ങളിലും തുടർന്നേക്കും. വേനൽ കടുത്തതോടെ വൈദ്യുതി ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ട് വരെ വർധനവാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം ഈ സമയത്ത് അണക്കെട്ടുകളിൽ 80 ശതമാനം വെള്ളമുണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ 64 ശതമാനം മാത്രമാണുള്ളത്. പ്രതീക്ഷിച്ച നീരൊഴുക്കില്ലാത്തതും പ്രതിദിന ഉപഭോഗം 94 ദശലക്ഷം യൂണിറ്റെന്ന ഉയർന്ന അളവിലേക്ക് ഉയർന്നതും സ്ഥിതി സങ്കീർണ്ണമാക്കുന്നു.

പീക്ക് സമയങ്ങളിലെ അധിക ആവശ്യകത നേരിടാൻ കെഎസ്ഇബി വിളിച്ച ഹ്രസ്വകാല ടെൻഡറുകൾ പരാജയപ്പെട്ടു. മേയിൽ 400 മെഗാവാട്ടിനായി ടെൻഡർ വിളിച്ചപ്പോൾ യൂണിറ്റിന് 12.98 രൂപ നിരക്കിലാണ് വാഗ്ദാനം വന്നത്. യൂണിറ്റിന് പരമാവധി 10 രൂപയെന്ന പരിധിയുള്ളതിനാൽ ഈ കരാർ നടപ്പിലായില്ല.

തുടർന്ന് ജൂലൈ ഏഴിന് വീണ്ടും ടെൻഡർ വിളിച്ചെങ്കിലും പീക്ക് സമയത്ത് വൈദ്യുതി നൽകാൻ കമ്പനികളാരും മുന്നോട്ടുവന്നില്ല. പകലും രാത്രിയുമായി 200 മെഗാവാട്ടിന് 25 മെഗാവാട്ടും അർദ്ധരാത്രി മുതൽ രാവിലെ 5 വരെയുള്ള സമയത്തേക്ക് 500 മെഗാവാട്ടിന് 100 മെഗാവാട്ടും മാത്രമാണ് വാഗ്ദാനം ലഭിച്ചത്.

എന്നാൽ ഇവയ്ക്ക് യൂണിറ്റിന് യഥാക്രമം 6.50 രൂപയും 9.15 രൂപയുമാണ് നിരക്ക്. ഉയർന്ന നിരക്കിലായതിനാൽ ഇതിന് റെഗുലേറ്ററി കമ്മീഷന്റെ അനുമതി ആവശ്യമാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പിന്നീട് മടക്കിനൽകാമെന്ന വ്യവസ്ഥയിൽ കടം വാങ്ങുന്ന വൈദ്യുതിയിലാണ് നിലവിൽ വലിയ പ്രതിസന്ധി ഒഴിവാകുന്നത്.

വെള്ളിയാഴ്ച മാത്രം 2.21 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇത്തരത്തിൽ വാങ്ങിയിരുന്നു. മുൻപ് കടമെടുത്തതിൽ ദിവസേന 3 ദശലക്ഷം യൂണിറ്റിലേറെ തിരിച്ചുകൊടുക്കുന്നുമുണ്ട്. ഈ മാസത്തോടെ മാത്രമേ ഈ കടം വീട്ടൽ പൂർത്തിയാകൂ. ജലവൈദ്യുതിയുടെ കുറവു കാരണം പുറത്തുനിന്ന് അധിക തുകയ്ക്ക് വാങ്ങുന്ന വൈദ്യുതി ഉപയോഗിച്ചാണ് തിരിച്ചടവ് നടത്തുന്നത്.