
മലപ്പുറം : ദേശീയപാതയിൽ വെളിമുക്കിലുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരി മരിച്ചു. കൊടിഞ്ഞി കാളംതിരുത്തി കൊല്ലംതൊടി സ്വദേശി തൻവീർ – സഫ്ന ഷെറിൻ ദമ്പതികളുടെ ഏക മകൾ സൂന നഹർ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.
കല്യാണവീട്ടിൽ വെച്ച് വലിയുമ്മയ്‌ക്കൊപ്പം പോകാൻ കുട്ടി നിർബന്ധം പിടിച്ചതിനെ തുടർന്ന് സഫ്നയുടെ മാതാപിതാക്കൾക്കൊപ്പം പടിക്കലിലെ കുടുംബവീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് ദേശീയപാതയിലെ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.
തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.