Banner Ads

വടകര മുക്കാളിയിൽ പ്ലാറ്റ്‌ഫോമിൽ നിന്ന് ട്രാക്കിലേക്ക് ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു, ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് : വടകരയ്ക്ക് സമീപം മുക്കാളി റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾക്കെത്തിച്ച മിനി ലോറി പ്ലാറ്റ്‌ഫോമിൽ നിന്ന് ട്രാക്കിലേക്ക് മറിഞ്ഞു. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. അപകടത്തെ തുടർന്ന് കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം 45 മിനിറ്റോളം തടസ്സപ്പെട്ടു. സ്റ്റേഷനിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

സംഭവസമയത്ത് ഈ ട്രാക്കിലൂടെ ട്രെയിനുകളൊന്നും കടന്നുപോകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ്, മംഗളൂരു-കന്യാകുമാരി പരശുറാം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു.

തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ട്രാക്കിൽ നിന്ന് ലോറി മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടം കാരണം വന്ദേഭാരത് എക്സ്പ്രസ് 45 മിനിറ്റോളവും പരശുറാം എക്സ്പ്രസ് ഒരു മണിക്കൂറിലേറെയും വൈകിയാണ് സർവീസ് നടത്തുന്നത്.