Banner Ads

ന്യൂയോർക്ക് ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

ന്യൂയോർക്ക് : അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് സ്ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു. 32കാരിയായ എറിൻ പിയാസെന്റി ആണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ ക്വീൻസ് സ്വദേശി പമേല സിസ്നെറോസിനെ (49) സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുവെച്ച് വെടിവെച്ചു കൊലപ്പെടുത്തി.

തിങ്കളാഴ്ച ഉച്ചയോടെ വെസ്റ്റ് 42 സ്ട്രീറ്റിനും സെവൻത് അവന്യുവിനും സമീപമാണ് സംഭവം നടന്നത്. ഷോപ്പിങ് ബാഗിൽ ഒളിപ്പിച്ച രണ്ട് കത്തികൾ ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ പമേല സിസ്നെറോസ് വഴിയാത്രക്കാർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.

ആക്രമണത്തിൽ 68കാരനും കുത്തേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. കുത്തേറ്റ എറിൻ പിയാസെന്റിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കത്തി കാട്ടി പാഞ്ഞടുക്കാൻ ശ്രമിച്ചപ്പോഴാണ് പൊലീസുകാർ ഇവർക്ക് നേരെ വെടിയുതിർത്തത്. കൊല്ലപ്പെട്ട പമേല സിസ്നെറോസിന് ഏറെ നാളായി കടുത്ത മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് കമ്മീഷണർ ജെസിക്ക ടിഷ് പറഞ്ഞു.