Banner Ads

ദുരന്ത ഭൂമിയായി നേപ്പാൾ: വിറങ്ങലിച്ച് കാഠ്മണ്ഡു; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

കാഠ്മണ്ഡു : നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. ഏകദേശം 1050ലേറെ പേർ മരണപ്പെടുകയും 4000ത്തോളം പേരെ ഇനിയും കണ്ടെത്താനുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. മലയാളികൾ അടക്കം കാണാതായ ഇന്ത്യക്കാരെ കുറിച്ചുള്ള പുതിയ വിവരങ്ങൾ കിട്ടിയിട്ടില്ല.

163 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്താൻ ഇന്ത്യയിൽ നിന്നുള്ള 19 അംഗ വിദഗ്ധ സംഘം നേപ്പാളിലെത്തിയിട്ടുണ്ട്. കാണാതായവരുടെ ബന്ധുക്കൾക്ക് ഡിഎൻഎ പ്രൊഫൈലുകൾ സമർപ്പിക്കാനുള്ള ഇമെയിൽ വിലാസവും മറ്റ് വിവരങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

പ്രളയത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ ഇന്ത്യയിൽ നിന്നെത്തിയ പ്രത്യേക ടണൽ റസ്ക്യൂ ടീം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, നേപ്പാളിൽ കുടുങ്ങിപ്പോയ കൈലാസ് മാനസസരോവർ തീർത്ഥാടക സംഘത്തിലുണ്ടായിരുന്ന 19 മലയാളികൾ ഉൾപ്പെടെയുള്ള 23 അംഗ ഇന്ത്യൻ സംഘം നാട്ടിലെത്തി.

മലയാളികൾ രണ്ടു സംഘങ്ങളായി രണ്ടു ദിവസങ്ങളിലായാണ് കേരളത്തിലെത്തിയത്. വിദേശകാര്യ മന്ത്രാലയം, നേപ്പാളിലെയും ചൈനയിലെയും ഇന്ത്യൻ എംബസികൾ, കേരള മുഖ്യമന്ത്രിയുടെ ഓഫീസ്, നോർക്ക റൂട്ട്സ് എന്നിവരുടെ ഏകോപനമാണ് ഇവരുടെ മടക്കയാത്ര വേഗത്തിലാക്കിയത്.