
തിരുവനന്തപുരം : സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സെപ്റ്റംബർ 29നാണ് വോട്ടെണ്ണൽ. ഏഴ് തദ്ദേശ ജനപ്രതിനിധികൾ എംഎൽഎമാരായതിനെ തുടർന്ന് ഒഴിവുവന്നത് ഉൾപ്പെടെയാണ് 38 വാർഡുകളില്‍ ഉപതെരഞ്ഞെടുപ്പ്.
സെപ്റ്റംബർ 3 മുതൽ 10 വരെ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന സെപ്റ്റംബർ 11ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14 ആണ്. സെപ്റ്റംബർ 28ന് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ പത്ത് മണിക്ക് ആരംഭിക്കും.
ആഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർ പട്ടിക പ്രകാരം ആകെ 309713 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഫാത്തിമ തഹ്‍ലിയ പ്രതിനിധീകരിച്ച കോഴിക്കോട് കോർപ്പറേഷൻ കുറ്റിച്ചിറ വാർഡ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ എന്നിവ ഉൾപ്പെടെ ദീപക് ജോയ്, ടി എം ശശി, സുമേഷ് അച്യുതൻ, വിനു ജോബ്, സി വി ശാന്തകുമാർ എന്നിവരുടെ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്.
ഇതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് കോർപ്പറേഷൻ വാർഡുകൾ ( എറണാകുളം, കോഴിക്കോട് )മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ) മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ ( തിരുവനന്തപുരം, കോട്ടയം, പാലക്കാട് ) ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ ,23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.
ഉപതിരഞ്ഞെടുപ്പുള്ള ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ പ്രദേശത്തും, മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലും, ജില്ലാ/ബ്ലോക്ക് ഡിവിഷനുകളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.