
ദില്ലി : ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇരട്ടത്താപ്പുകൾക്ക് സ്ഥാനമില്ലെന്നും ലോകരാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി നിലപാടെടുക്കണമെന്നും മോദി ആവശ്യപ്പെട്ടു.
ഭീകരവാദികൾക്ക് സുരക്ഷിത താവളങ്ങളും സാമ്പത്തിക സഹായവും നൽകുന്ന ശൃംഖല തകർക്കണമെന്നും മോദി പറഞ്ഞു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു നരേന്ദ്ര മോദിയുടെ വിമർശനം.
ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവരുമായി മോദി സൗഹൃദം പങ്കുവെക്കുകയും കൈകൊടുക്കുകയും ചെയ്തെങ്കിലും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ അവഗണിച്ചു.
ഭീകരവാദം ആരും തന്ത്രപ്രധാന നയമായി ഉപയോഗിക്കരുതെന്നും മയക്കുമരുന്ന് മാഫിയക്കെതിരെ കൂട്ടായ നീക്കം വേണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. രാജ്യങ്ങളുടെ പരമാധികാരവും അഖണ്ഡതയും മാനിച്ചുകൊണ്ട് മാത്രമായിരിക്കണം വികസന പദ്ധതികൾ നടപ്പിലാക്കേണ്ടതെന്ന് പറഞ്ഞ മോദി, പാക് അധീന കശ്മീരിലൂടെയുള്ള ചൈനയുടെ റോഡ് നിർമ്മാണത്തിനെതിരെ പരോക്ഷമായ പന്തിയല്ലാത്ത സന്ദേശം നൽകി.
ഉച്ചകോടിയിലെ നയതന്ത്ര കാഴ്ചകൾ ദില്ലിയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ഷീ ജിൻപിങ്ങിന്റെയും വ്ലാദിമിർ പുടിന്റെയും സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ സൂചനകൾ നൽകുന്നുണ്ട്.