
മഷിത്തണ്ടിന്റെ തുമ്പിൽ ഹൃദയമിടിപ്പ് കോർത്തിട്ട ആ പഴയ കാലത്തിന്റെ ഗൃഹാതുരത… കാലത്തിന്റെ തിരക്കുകളിൽ പെട്ട് എവിടെയൊക്കെയോ മറന്നുപോയ, എങ്കിലും ഉള്ളിന്റെ ഉള്ളിൽ മധുരിക്കുന്ന നൊമ്പരമായി സൂക്ഷിക്കുന്ന ആ പഴയകാലത്തിന്റെ ഓർമ്മകളിലേക്ക് ഒരു മഷിത്തണ്ട് വീണ്ടും നീളുകയാണ്.
സ്മാർട്ട്‌ഫോണുകളുടെയും ഇൻസ്റ്റന്റ് മെസ്സേജുകളുടെയും അതിവേഗ ലോകത്ത്, വരികൾക്കിടയിലെ വികാരം ചോർന്നുപോകാതെ, സ്വന്തം കൈയക്ഷരത്തിന്റെ ചൂടും സ്പന്ദനവും പകർന്നുവെച്ച ആ എഴുത്തുകാലം എത്ര സുന്ദരമായിരുന്നു. കടലാസിന്റെ മണമുള്ള ആ താളുകളിൽ മഷി പുരട്ടുമ്പോൾ, അതൊരു കത്തല്ലായിരുന്നു, മറിച്ച് ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്കുള്ള ആത്മാവിന്റെ പ്രയാണമായിരുന്നു.
കാത്തിരിപ്പിന്റെ സുഖവും, കത്തുവരുമ്പോൾ നെഞ്ചിടിപ്പ് കൂടുന്ന ആവേശവും, വരികൾക്കിടയിൽ ഒളിപ്പിച്ചു വെച്ച പ്രണയവും ഇന്നത്തെ ഡിജിറ്റൽ യുഗത്തിന് അന്യമാണ്. വിലാസമെഴുതിയ കവറിനുള്ളിൽ ഒട്ടിച്ച പോസ്റ്റൽ സ്റ്റാമ്പും, അത് കാത്തിരുന്ന കണ്ണുകളും എന്നും ഒരു നൊമ്പരമുള്ള ഓർമ്മയാണ്.
കാലം എത്ര മാറിയാലും, ഡിജിറ്റൽ മഷികൾ എത്ര പടർന്നാലും, കൈവിരലുകൾ തൊട്ടറിഞ്ഞ ആ പഴയ കടലാസ് താളുകൾക്ക് പകരം വെക്കാൻ മറ്റൊന്നിനുമാകില്ല. സ്നേഹം നേരിൽ പറയാൻ മടിക്കുമ്പോൾ കടലാസ് തുണ്ടുകളിൽ ഒളിപ്പിച്ചുവെച്ച ആത്മാർത്ഥതയുടെ സുഗന്ധം, അത് വരികളിലൂടെ വായിച്ചെടുക്കുന്നതിലെ മാസ്മരികത.
അതാണ് പ്രണയത്തിന്റെ, സൗഹൃദത്തിന്റെ ഏറ്റവും ശുദ്ധമായ ഭാവം. ഗൃഹാതുരതയിലേക്ക് നമുക്ക് മടങ്ങാം. സ്നേഹം നിറച്ച ഒരു നല്ല കത്ത്, സ്വന്തം കൈയക്ഷരത്തിൽ ആർക്കെങ്കിലും എഴുതാം. മനസ്സിലെ മഷി വറ്റാത്ത ആ പഴയ കാലത്തിന്റെ ഓർമ്മയ്ക്കായി…….
സിന്ധു രാജീവ്