കണ്ണൂർ : കണ്ണൂർ അങ്കണവാടി സെന്ററിൽ വീണ് മൂന്നര വയസുകാരന് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി വർക്കറെയും ഹെല്‍പ്പറെയും സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് കുട്ടിയുടെ മാതാപിതാക്കളെയും മേലുദ്യോഗസ്ഥരെയും അറിയിക്കുന്നതിൽ കാലതാമസം ഉണ്ടായതായും പ്രോട്ടോക്കോളിലെ വീഴ്ച സൂചിപ്പിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ.
പരിക്കേറ്റ കുട്ടിക്ക് വിദഗ്ധ ചികിത്സ നൽകാനും അങ്കണവാടി സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താനും മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. അങ്കണവാടിയില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വീണ് മൂന്നര വയസുകാരന്റെ തലയ്ക്ക് പരിക്ക് സംഭവിച്ചത്.
ഓടി കളിക്കുന്നതിനിടയില്‍ കട്ടിളപ്പടിയില്‍ ഇടിച്ചാണ് പരിക്കേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ വിവരം അറിയിക്കാന്‍ അങ്കണവാടി അധികൃതര്‍ വൈകിയെന്ന് കുട്ടിയുടെ കുടുംബം ഉന്നയിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മുന്‍പാണ് അപകടം സംഭവിക്കുന്നത്. വൈകിട്ട് കുട്ടിയെ വീട്ടിലേക്ക് വിളിക്കാനായി ചെന്നപ്പോഴാണ് സമയത്ത് മാത്രമാണ് പരിക്കുപറ്റിയ വിവരം വീട്ടുകാരെ അധികൃതര്‍ അറിയിച്ചത്.
തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെ വീടിനടുത്തുള്ള ആശുപത്രിയിലും ശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വിദഗ്ധ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.