
താമരശ്ശേരി : വഴിയരികിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ ഉടമയറിയാതെ ക്രെയിനിൽ കയറ്റിക്കൊണ്ടുപോയി വിൽപ്പന നടത്തിയ സംഭവത്തിൽ പ്രതികൾ പിടിയിലായി. ചുങ്കം കയ്യേലിക്കുന്നുമ്മൽ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് മോഷ്ടാക്കൾ തട്ടിയെടുത്തത്. വഴിയരികെ പഴക്കച്ചവടം നടത്തുന്നതിനായി ഫൈസൽ ഉപയോഗിച്ചിരുന്ന വാഹനമാണ് കാണാതായത്.
കച്ചവട സ്ഥലത്തുനിന്ന് ഓട്ടോ പെട്ടെന്ന് കാണാതായതിനെ തുടർന്ന് ഫൈസൽ നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിയുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഗുഡ്സ് ഓട്ടോ ക്രെയിനിൽ തൂക്കി കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ക്രെയിൻ ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് വാഹനം തകരാറിലായതാണെന്ന് വിശ്വസിപ്പിച്ച് മറ്റൊരാൾ 10000 രൂപയ്ക്ക് ആക്രിയായി വിറ്റതാണെന്ന് അറിയുന്നത്.
വാഹനം മഞ്ചേരി ഭാഗത്തേക്ക് കടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ ഫൈസൽ മോഷ്ടാക്കളെയും വാഹനം കടത്താൻ ഉപയോഗിച്ച ക്രെയിനും പിടികൂടുകയായിരുന്നു. പ്രതികളെയും ക്രെയിനും താമരശ്ശേരി പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.