
തിരുവനന്തപുരം: തലസ്ഥാനത്തെ വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് ഒരാൾ ദാരുണമായി മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെ വെങ്ങാനൂരിലെ അയ്യങ്കാളി പ്രതിമയ്ക്ക് സമീപമായിരുന്നു അപകടം. കോട്ടയം ഏറ്റുമാനൂർ സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.റോഡിലൂടെ ഓടിവന്ന കാറിന് പെട്ടെന്ന് തീയോടുകൂടിയ പുക ഉയരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നാട്ടുകാർ തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കാർ പൂർണ്ണമായി ആളിപ്പടർന്നു.
തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചെങ്കിലും ഉള്ളിലുണ്ടായിരുന്ന യാത്രക്കാരനെ രക്ഷിക്കാനായില്ല.അപകടത്തിൽപ്പെട്ടത് ‘KL 05 AV 3686’ നമ്പർ റൈനോ ക്വിഡ് കാറാണ്. വാഹനം കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീട്ടുമായി ബന്ധപ്പെട്ട പോലീസിന്, ടൈറ്റസ് എന്നയാൾ കാറുമായി വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
എന്നാൽ, മരിച്ചത് ടൈറ്റസ് തന്നെയാണോ എന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഫോറൻസിക് പരിശോധനകൾക്കും മൃതദേഹ തിരിച്ചറിയലിനും ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് ബാലരാമപുരം പോലീസ് അറിയിച്ചു. സംഭവം ആത്മഹത്യയാണോ അതോ സാങ്കേതിക തകരാർ മൂലമുണ്ടായ അപകടമാണോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.