
വളാഞ്ചേരി : പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ സ്വാലിഹ് വളാഞ്ചേരിയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി നടൻ ബിനീഷ് ബാസ്റ്റിൻ. സ്വാലിഹ് തന്റെ ആത്മസുഹൃത്തായിരുന്നുവെന്നും ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും ഒരുമിച്ച് പങ്കിട്ട പ്രിയപ്പെട്ടവനാണെന്നും ബിനീഷ് പറഞ്ഞു.
ഇനി നീ കൂടെയില്ല എന്ന സത്യം വിശ്വസിക്കാൻ കഴിയുന്നില്ല. ഓർമ്മകളിൽ എന്നും നീ ജീവിക്കും. കാലം എത്ര കഴിഞ്ഞാലും നിന്നെ മറക്കില്ല സുഹൃത്തേ… ബിനീഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ശാരീരിക പരിമിതികളെ കാറ്റിൽപ്പറത്തി സ്വന്തം ഇച്ഛാശക്തി കൊണ്ട് ആയിരങ്ങൾക്ക് പ്രചോദനമായി മാറിയ വ്ലോഗറായിരുന്നു സ്വാലിഹ്.
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്വാലിഹിന്റെ പോസിറ്റീവ് വീഡിയോകൾക്കും വ്ലോഗുകൾക്കും സോഷ്യൽ മീഡിയയിൽ വലിയ ആരാധകവൃന്ദമുണ്ട്. യൂട്യൂബിൽ 2.68 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്നു.
സിനിമാ-സോഷ്യൽ മീഡിയ രംഗത്തെ നിരവധി പ്രമുഖരും ആരാധകരും അനുശോചനം രേഖപ്പെടുത്തി. ജസ്‌നയാണ് സ്വാലിഹിന്റെ ഭാര്യ. മക്കൾ: മുഹമ്മദ് മിസ്ബാഹ്, ഫാത്തിമ സഫ്വിയ.