Banner Ads

ഗർഭിണികളും മറ്റ് രോഗബാധിതരും കരുതലെടുക്കുക; എച്ച്1എൻ1 പനിക്കെതിരെ ജാഗ്രതാ നിർദേശം

കൊച്ചി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ എച്ച്1എൻ1 കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വിദഗ്ധർ. സാധാരണ വൈറൽ പനിയായി തുടക്കത്തിൽ തോന്നാമെങ്കിലും സമയബന്ധിതമായി രോഗം തിരിച്ചറിയുകയും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഇൻഫ്ലുവൻസ എ വിഭാഗത്തിൽപ്പെടുന്ന എച്ച്1എൻ1 വൈറസാണ് രോഗത്തിന് കാരണം. ഉയർന്ന പനി, കടുത്ത തലവേദന, അസാധാരണമായ ക്ഷീണം, തൊണ്ടവേദന, വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, വിറയൽ, ശരീരവേദന, കൈകാലുകളുടെ തളർച്ച തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. കുട്ടികളിൽ ചിലപ്പോൾ ഛർദ്ദി, വയറിളക്കം, വയറുവേദന എന്നിവയും കാണപ്പെടാം.

പലപ്പോഴും മറ്റ് സാധാരണ വൈറൽ അണുബാധകളുടെ ലക്ഷണങ്ങൾക്ക് സമാനമായതിനാൽ പ്രാരംഭ ഘട്ടത്തിൽ ആളുകൾ ഇത് നിസാരമായി തള്ളിക്കളയാൻ സാധ്യത കൂടുതലാണെന്ന് ദില്ലി ഹൗസ് ഖാസിലെ ക്യാപിറ്റൽ ഹെൽത്ത് ക്ലിനിക്ക് ഡയറക്ടറും ചീഫ് റേഡിയോളജിസ്റ്റുമായ ഡോ ബിമൽപ്രീത് മോഹൻ പറയുന്നു.

ഗർഭകാലത്ത് ഹൃദയ-രക്തക്കുഴലുകൾ, ശ്വസനവ്യവസ്ഥ, പ്രതിരോധശേഷി എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ കാരണം പ്രത്യേക പരിചരണം ആവശ്യമാണ്. ആസ്ത്മ, ദീർഘകാല ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗങ്ങൾ, ക്യാൻസർ തുടങ്ങിയ രോഗപ്രതിരോധ ശേഷി കുറഞ്ഞവർ ജാഗ്രത പാലിക്കണം.

സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. ജനത്തിരക്കുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടവൽ ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക. പനിയുള്ളവർ സ്വയം നിരീക്ഷണത്തിൽ കഴിയുകയും പരിപൂർണ്ണ വിശ്രമം എടുക്കുകയും ചെയ്യുക. എല്ലാ പനിക്കും എച്ച്1എൻ1 പരിശോധനയോ ആശുപത്രി വാസമോ ആവശ്യമില്ല.