Banner Ads

തൃശൂരിൽ എയിംസ് വാഗ്ദാനം ചെയ്തിട്ടില്ല; വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ : തൃശൂരിൽ എയിംസ് സ്ഥാപിക്കുമെന്ന വാഗ്ദാനത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് സമയത്തെ പ്രസംഗങ്ങളിൽ ഒരിടത്തും താൻ എയിംസ് എന്ന് ഉച്ചരിച്ചിട്ടില്ലെന്ന് പറഞ്ഞാണ് സുരേഷ് ഗോപി നിലപാട് മാറ്റിയത്.

താൻ നടത്തിയ പഴയ പ്രസംഗങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും മുന്നോട്ടുവെച്ച മറ്റ് വികസന കാര്യങ്ങൾക്ക് ശേഷം മാത്രമാണ് എയിംസിനെക്കുറിച്ച് പരാമർശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം തൃശൂരിൽ എയിംസ് വേണമെന്ന പ്രാദേശിക ജനങ്ങളുടെ ആവശ്യത്തിനൊപ്പം താൻ ഉറച്ചുനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് സമയത്ത് എയിംസ് വരും കേട്ടോ മറ്റേ മോനെ… എന്ന സുരേഷ് ഗോപിയുടെ പ്രസ്താവന വലിയ രീതിയിൽ തരംഗമാവുകയും വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. കൂടാതെ തൃശൂരിന് പുറമെ ആലപ്പുഴയിലും എയിംസ് കൊണ്ടുവരുമെന്ന് മുൻപ് അദ്ദേഹം പരസ്യമായി അവകാശപ്പെട്ടിരുന്നു.

ഈ പ്രസ്താവനകളെല്ലാം നിലനിൽക്കെയാണ് ഇപ്പോൾ പ്രചാരണ പ്രസംഗങ്ങളിൽ എയിംസ് എന്ന് താൻ പറഞ്ഞിട്ടില്ലെന്ന പുതിയ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുന്നത്.