
കാഠ്മണ്ഡു : നേപ്പാളിലുണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 469 ആയി ഉയർന്നു. 1400ലധികം പേരെ കാണാതായി. കാണാതായവരിൽ 290 പേർ ഇന്ത്യക്കാരാണ്. ഇതിൽ 33 മലയാളികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
നേപ്പാളിലെ നുവാകോട്ട്, ദാദിംഗ് ജില്ലകളിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശനഷ്ടം വിതച്ചത്. ടിബറ്റ് അതിർത്തിയിൽ നിന്ന് കുതിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ നിരവധി ഗ്രാമങ്ങൾ പൂർണ്ണമായും ഒലിച്ചുപോയി. പ്രദേശത്ത് വീണ്ടും പ്രളയസാധ്യത നിലനിൽക്കുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
അതേസമയം നിലവിലെ സാഹചര്യത്തിൽ വിദേശരാജ്യങ്ങളുടെ സഹായം ആവശ്യമില്ലെന്നാണ് നേപ്പാൾ സർക്കാരിന്റെ നിലപാട്. രാജ്യത്തെ ആറോളം പ്രധാന ജലവൈദ്യുത നിലയങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായി നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റി സ്ഥിരീകരിച്ചു.
റാസുവഗധി, ചിലിമെ, ത്രിശൂൽ 3എ, ത്രിശൂൽ 3ബി ഹബ്ബ് 220 കെവി സബ്‌സ്റ്റേഷൻ, ത്രിശൂൽ ജലവൈദ്യുത നിലയം, ദേവിഘട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജലവൈദ്യുത നിലയ തകരാറുകൾ മൂലം വലിയ രീതിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുകയും പ്രളയത്തിൽ റോഡുകൾ തകർന്നതോടെ പ്രധാന ഹൈവേകളെല്ലാം അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.