Banner Ads

ജയിലിൽ വെച്ച് തലച്ചോറിൽ രക്തസ്രാവം; പി എസ് പ്രശാന്തിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂജപ്പുര ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന പ്രശാന്തിന് പനിയും, തലച്ചോറിൽ രക്തസ്രാവവും കണ്ടെത്തിയതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലെ ജെറിയാട്രിക് വാർഡിലേക്ക് മാറ്റിയത്. മറ്റു പരിശോധനകൾ നടത്തിവരികയാണ്.

2025ൽ ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണ്ണപ്പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് കമ്പനിക്ക് സ്വർണ്ണം പൂശാനായി പുറത്തേക്ക് കടത്തിയതിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രശാന്തിനെ അറസ്റ്റ് ചെയ്തത്.

2019ൽ നടന്ന ശബരിമല സ്വർണ്ണക്കൊള്ള മറച്ചുവെക്കാനാണ് 2025ൽ വീണ്ടും സ്വർണ്ണം പൂശാനെന്ന പേരിൽ പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നാണ് എസ്ഐടിയുടെ നിഗമനം.

ഹൈക്കോടതി അനുമതി തേടാതിരുന്നത് സാങ്കേതിക പിഴവാണെന്ന് പ്രശാന്ത് അവകാശപ്പെട്ടെങ്കിലും ഇത് ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. 2019ൽ സ്വർണ്ണം പൂശിയ പാളികൾക്ക് 2024 ആയപ്പോഴേക്കും തിളക്കം നഷ്ടപ്പെട്ടതായി അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു ബോർഡിനെ അറിയിച്ചിരുന്നു.

എന്നാൽ ഇതിൽ അന്വേഷണം നടത്താതെ വീണ്ടും ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് തന്നെ പാളികൾ കൈമാറിയതിലാണ് എസ്ഐടി ദുരൂഹത കണ്ടെത്തിയത്. ഇടതുപക്ഷം നിയോഗിച്ച ദേവസ്വം ബോർഡ് പ്രസിഡന്റുമാരിൽ സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ വ്യക്തിയാണ് പിഎസ് പ്രശാന്ത്.