Banner Ads

വേമ്പനാട്ടുകായലിൽ വിരിഞ്ഞു ഒഴുകും പൂക്കളം; ഉത്രാടനാളിൽ കായലോളങ്ങളിൽ വർണ്ണപ്പൊലിമ

അരൂർ : ഉത്രാട നാളിൽ വേമ്പനാട്ടു കായലിന്റെ നടുവിൽ തീർത്ത കൗതുകപൂർണ്ണമായ ഒഴുകുന്ന പൂക്കളം ദൃശ്യവിരുന്നായി. പെരുമ്പളത്തെ പെക്വിനോ കയാക്കിങ് ആൻഡ് വാട്ടർ സ്പോർട്സ് ക്ലബ്ബും സാംസ്കാരിക കൂട്ടായ്മയായ പിസിസിയും സംയുക്തമായാണ് ഈ വേറിട്ട പൂക്കളമൊരുക്കിയത്.

പെരുമ്പളം ന്യൂ സൗത്ത് ജെട്ടിക്ക് സമീപം നിർമ്മിച്ച പൂക്കളത്തിന് ചുറ്റും വിവിധ നിറങ്ങളിലുള്ള കയാക്കുകളും കുട്ടവഞ്ചികളും അണിനിരന്നത് ആഘോഷത്തിന് വർണ്ണപ്പൊലിമയേകി. ആഫ്രിക്കൻ പായൽ (കപ്പപ്പായൽ) കൂട്ടിക്കെട്ടി വെട്ടിയൊതുക്കിയ ശേഷം മുകളിൽ തെർമോക്കോൾ വിരിച്ചാണ് പൂക്കളത്തിന് അടിത്തറയൊരുക്കിയത്.

ഏകദേശം 10 കിലോയോളം വിവിധതരം പൂക്കളാണ് അലങ്കാരത്തിനായി ഉപയോഗിച്ചത്. മൂന്ന് മണിക്കൂറെടുത്താണ് 15 അംഗ സംഘം പൂക്കളം പൂർത്തിയാക്കിയത്. ദീപു അരൂക്കുറ്റിയാണ് ഒഴുകും പൂക്കളമെന്ന ആശയം മുന്നോട്ടുവെച്ചത്.

കായലോരത്ത് തയ്യാറാക്കിയ പൂക്കളം പിന്നീട് കയാക്കുകളിൽ വലിച്ച് വേമ്പനാട്ട് കായലിന്റെ മധ്യഭാഗത്തേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂറോളം കയാക്കുകളിലും കുട്ടവഞ്ചികളിലുമായി പ്രവർത്തകർ പൂക്കളത്തിന് ചുറ്റും വട്ടംചുറ്റി ആഘോഷിച്ചു.

പെരുമ്പളത്തേക്ക് പുതിയ പാലം വന്നതിന്റെ സന്തോഷം പങ്കുവെക്കാനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമാണ് ഈ പരിപാടി സംഘടിപ്പിച്ചത്. എം മുരളീകൃഷ്ണൻ, എം ഹരികൃഷ്ണൻ, എസ് ലജീഷ്, കെ ബി ദിപിൻ, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടന്നത്. കരയിൽ തിരിച്ചെത്തിയ സംഘം ഉത്രാടസദ്യ കഴിച്ചാണ് പിരിഞ്ഞത്.