
തിരുവനന്തപുരം : നന്മയുടെയും സമൃദ്ധിയുടെയും ഓർമ്മകൾ പുതുക്കി ഇന്ന് ലോകമെമ്പാടുമുള്ള മലയാളികൾ പൊൻതിരുവോണം ആഘോഷിക്കുന്നു. പൂക്കളം തീർത്തും ഓണക്കോടിയണിഞ്ഞും വിഭവസമൃദ്ധമായ തിരുവോണസദ്യ ഒരുക്കിയും നാടും നഗരവും ആഘോഷത്തിമിർപ്പിലാണ്.
ആഘോഷങ്ങളിൽ പങ്കുചേരാനായി പ്രവാസികളും അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും രാത്രി വൈകിയും വീടുകളിലേക്കെത്തിച്ചേർന്നു. സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷപരിപാടികളാണ് സാംസ്കാരിക സംഘടനകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ളത്.
പരമ്പരാഗത ഓണക്കളികളും വിവിധ സാംസ്കാരിക പരിപാടികളും പലയിടങ്ങളിലായി നടക്കുന്നു. ഓണം ആഘോഷം മാത്രമല്ല, പാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും സംഗമം കൂടിയാണ്. തിരുവോണ നാളിലെ പ്രധാന ആചാരങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള തിരുവോണത്തോണി ഭഗവാനുള്ള ഓണവിഭവങ്ങളുമായി ക്ഷേത്രക്കടവിൽ എത്തിച്ചേർന്നു.
പള്ളിയോടസേവാസംഘവും കരനാഥന്മാരും ക്ഷേത്രോപദേശക സമിതിയും ചേർന്നാണ് തോണിയെ സ്വീകരിച്ചത്. അതേസമയം ഗുരുവായൂർ ക്ഷേത്രത്തിൽ വലിയ ഭക്തജന തിരക്ക് ആണ് അനുഭവപ്പെടുന്നത്. പുലർച്ചെ നാലരയ്ക്ക് ശ്രീഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പിച്ചു. പതിനായിരം പേർക്ക് വിശേഷാൽ പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്.