Banner Ads

ഇരുളത്ത് 25,000 ചതുരശ്ര അടിയിൽ ഭീമൻ പൂക്കളം; ചരിഞ്ഞ ‘മണിയൻ’ കാട്ടാനയും അത്തപ്പൂക്കളത്തിൽ പുനർജനിച്ചു

ഇരുളം (വയനാട്): ഓണാഘോഷത്തിന്റെ ഭാഗമായി വയനാട് ഇരുളം ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ 25,000 ചതുരശ്ര അടി വിസ്തീర్ణത്തിൽ കൂറ്റൻ അത്തപ്പൂക്കളം ഒരുങ്ങി. മഹാബലിക്കൊപ്പം ഇരുളത്തുകാരുടെ പ്രിയപ്പെട്ടവനായിരുന്ന ‘മണിയൻ’ എന്ന കാട്ടാനയുടെ രൂപവും പൂക്കളത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. നാട്ടുകാരുമായി ഏറെ സൗഹൃദത്തിലായിരുന്ന മണിയൻ 2019-ലാണ് ചരിഞ്ഞത്.

അന്ന് മണിയനായി മൗനജാഥ വരെ നടത്തി ആദരമർപ്പിച്ച ചരിത്രമാണ് ഇരുളത്തുകാർക്കുള്ളത്.കർണാടകയിലെ ഗുണ്ടൽപേട്ടിൽ നിന്ന് എത്തിച്ച 10 ടൺ പൂക്കളാണ് പൂക്കളത്തിനായി ഉപയോഗിച്ചത്.ലയൺസ് ക്ലബ്ബിന്റെ ആശയത്തിൽ തുടങ്ങിയ പദ്ധതിയിൽ നാട്ടുകാർ ഒന്നടങ്കം പങ്കാളികളായി.

3 ദിവസത്തെ പരിശ്രമം കൊണ്ടാണ് പൂക്കളം പൂർത്തിയാക്കിയത്.ഓഗസ്റ്റ് 5-ന് ആരംഭിച്ച ‘ഇരുളത്തിന്റെ ഒന്നാം സാംസ്കാരിക ആഘോഷം’ ഓഗസ്റ്റ് 27 വരെ നീണ്ടുനിൽക്കും. ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ തുടങ്ങി വിവിധ കായിക-കലാ മത്സരങ്ങളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.