Banner Ads

വിദ്യാർത്ഥികൾക്കെതിരായ കേസ്: രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ‘കോക്രോച്ച് ജനതാ പാർട്ടി’

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കെതിരെ ചുമത്തിയ എഫ്.ഐ.ആറുകൾ റദ്ദാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP). സർക്കാർ നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ച് വരും തലമുറയുടെയും യുവാക്കളുടെയും ഭാവി സംരക്ഷിക്കാൻ തെരുവിലിറങ്ങാൻ പാർട്ടി ആഹ്വാനം ചെയ്തു.

പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ട സമരപരിപാടികൾ നാളെ പ്രഖ്യാപിക്കുമെന്ന് പാർട്ടി വക്താക്കൾ അറിയിച്ചു.വിദ്യാർത്ഥികൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ പൂർണ്ണമായും പിൻവലിക്കുമെന്ന് കേന്ദ്രം ഉറപ്പുനൽകിയിരുന്നു. കോടതി ഉത്തരവുകൾ നിലനിൽക്കുന്നുണ്ടെങ്കിൽ പോലും അന്വേഷണ നടപടികൾ നിർത്തിവെക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് പാർട്ടിയുടെ പ്രധാന ആരോപണം.

വിദ്യാർത്ഥികൾക്കെതിരെ ഡൽഹിയിലോ മറ്റ് സംസ്ഥാനങ്ങളിലോ പുതിയ കേസുകൾ എടുക്കില്ലെന്നും, നിലവിലുള്ള കേസുകൾ ഒഴിവാക്കുമെന്നും സർക്കാർ നൽകിയ ഉറപ്പ് ഔദ്യോഗികമായി കോടതിയെ അറിയിക്കണമെന്ന് സി.ജെ.പി ആവശ്യപ്പെട്ടു.ബീഹാർ, അസം, വെസ്റ്റ് ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ വ്യാപകമായി പോലീസ് നടപടിയുണ്ടായി.

ബീഹാറിൽ തേജ് പ്രതാപ് യാദവ് അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.വിദ്യാർത്ഥികൾക്കെതിരായ കേസുകൾ അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ ഇത് രാജ്യത്തെ യുവാക്കളോട് കാണിക്കുന്ന വലിയ വിശ്വാസവഞ്ചനയായിരിക്കുമെന്നും, ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് കേന്ദ്ര സർക്കാർ മറുപടി പറയേണ്ടി വരുമെന്നും സി.ജെ.പി മുന്നറിയിപ്പ് നൽകി.