Banner Ads

ചിങ്ങമാസത്തിലെ ആദ്യ ഞായർ: ഗുരുവായൂരിൽ ഇന്ന് വിവാഹപ്പൂരം; റെക്കോർഡ് ഭേദിച്ച് 437 ലധികം കല്യാണങ്ങൾ

ഗുരുവായൂർ: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ തിരക്ക് ശക്തമാകുന്നു. 437-ലധികം വിവാഹങ്ങളാണ് ഇന്ന് നടക്കാൻ ശീട്ടാക്കിയിരിക്കുന്നത്. ചരിത്രപരമായ തിരക്ക് കണക്കിലെടുത്ത് സുഗമമായ ദർശനത്തിനും വിവാഹ ചടങ്ങുകൾക്കുമായി വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വവും പോലീസും ചേർന്ന് പൂർത്തിയാക്കിയിരിക്കുന്നത്.

പുലർച്ചെ നാലുമണി മുതൽ വിവാഹ ചടങ്ങുകൾ ആരംഭിച്ചു. തിരക്ക് ഒഴിവാക്കാൻ ആറ് മണ്ഡപങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ചടങ്ങുകൾ വേഗത്തിലാക്കാൻ കൂടുതൽ കോയ്മമാരെയും സുരക്ഷാ ജീവനക്കാരെയും നിയോഗിച്ചു. കിഴക്കേ നടവഴിയും തെക്കേ നടയിലെ ദേവസ്വം ഗേറ്റ് വഴിയും എത്തുന്ന വിവാഹസംഘങ്ങൾക്ക് ടോക്കൺ നൽകി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് സമീപത്തെ നടപ്പന്തലിൽ വിശ്രമിക്കാൻ കസേരകൾ ഒരുക്കിയിട്ടുണ്ട്.

ടോക്കൺ നമ്പർ അനുസരിച്ചാണ് മണ്ഡപത്തിലേക്ക് പ്രവേശനം.പുലർച്ചെ 3:30 മുതൽ ക്ഷേത്ര പരിസരത്തും റോഡുകളിലും കൂടുതൽ പോലീസിനെ വിന്യസിച്ചു. ഭരണസമിതി അംഗങ്ങളും ഫയർഫോഴ്‌സും പോലീസും ചേർന്ന് അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി.ഇന്നർ, ഔട്ടർ റിങ് റോഡുകളിൽ വാഹന പാർക്കിങ് പൂർണ്ണമായും നിരോധിച്ചു.ദേവസ്വം ബഹുനില പാർക്കിങ് സമുച്ചയം, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ മൈതാനം, ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ട്, സമീക്ഷ പറമ്പ്, നഗരസഭയുടെ പാർക്കിങ് സമുച്ചയം എന്നിവിടങ്ങളിൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.