
തിരുവനന്തപുരം: എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്സിലെ പ്രതികൾ പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷ പരിപാടിയിൽ അതിഥികളായി പങ്കെടുത്ത സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ നടത്തിയ അന്വേഷണത്തിലാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ കണ്ടെത്തിയത്.
പോലീസിനും സംസ്ഥാന ആഭ്യന്തര വകുപ്പിനും കടുത്ത നാണക്കേടുണ്ടാക്കിയ സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് കമ്മീഷണർ ഇന്ന് തന്നെ ദക്ഷിണമേഖലാ ഐജിക്ക് കൈമാറും.കേസിൽ അറസ്റ്റ് ചെയ്യപ്പെടേണ്ട പ്രതികൾ പോലീസ് സ്റ്റേഷൻ വളപ്പിൽ നടന്ന ആഘോഷത്തിൽ പങ്കെടുത്തത് പോലീസിന്റെ ജാഗ്രതക്കുറവും വീഴ്ചയുമാണ്.ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പ്രതികൾ ചടങ്ങിൽ പങ്കെടുത്തതും ഭക്ഷണം കഴിച്ചതും വകുപ്പിന് വലിയ തിരിച്ചടിയായി.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകും.കേസിലെ പ്രതികൾ സ്റ്റേഷനിൽ അതിഥികളായെത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വലിയ വിവാദമായത്. റിപ്പോർട്ട് ലഭിച്ചശേഷം കുറ്റക്കാരായ പോലീസുകാർക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന.