
തിരുവനന്തപുരം : സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും അപ്പീൽ നൽകാതെ സർക്കാരിന്റെ നിഷ്ക്രിയത്വം.
സർക്കാരും ഫീസ് റെഗുലേറ്ററി കമ്മിറ്റിയും നിലപാട് അറിയിക്കാത്തതിനെ തുടർന്ന് അഞ്ച് വർഷത്തെ മുഴുവൻ ഫീസും നൽകേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ. ഹൈക്കോടതി സ്റ്റേ നിലനിൽക്കുന്നതിനാൽ വിദ്യാർത്ഥികൾ 4.5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് അധിക ഫീസായി നൽകേണ്ടി വരുന്നത്.
ഈ മാസം 31നുള്ളിൽ അഞ്ചാം വർഷത്തെ ഫീസ് അടച്ചില്ലെങ്കിൽ മാനേജ്മെന്റുകൾ പിഴ ഈടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നാലര വർഷത്തേക്ക് മാത്രമായി ഫീസ് ഘടന പുനർനിർണ്ണയിച്ചാൽ ആദ്യ വർഷങ്ങളിലെ ഫീസിൽ വർധനവുണ്ടാകുമെന്നാണ് മാനേജ്മെന്റുകളുടെ വാദം.