
മലയാളികളുടെ ദേശീയോത്സവമായ ഓണം അടുത്തെത്തിയതോടെ കേരളത്തിലെ പൂവിപണി സജീവമായെങ്കിലും, കടുത്ത വിലക്കയറ്റവും പൂക്കളുടെ ലഭ്യതക്കുറവും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. തമിഴ്നാട്, കർണാടക തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളുടെ വരവിലുണ്ടായ കുറവാണ് വില കുത്തനെ ഉയരാൻ കാരണം.
ഗുണ്ടൽപേട്ട്, ഹൊസൂർ, ബെംഗളൂരു, തോവാള തുടങ്ങിയ പ്രധാന പൂക്കൃഷി കേന്ദ്രങ്ങളിൽ മഴ ലഭിക്കാതെ വന്നതും, തുടർച്ചയായ മഴയിൽ ചെണ്ടുമല്ലിയും അരളിയും ഉൾപ്പെടെയുള്ളവ കൊഴിഞ്ഞുപോയതും ഉത്പാദനത്തെ ബാധിച്ചു. കഴിഞ്ഞ വർഷം വിപണിയിലുണ്ടായ തിരിച്ചടി കാരണം പല കർഷകരും ഇത്തവണ കൃഷി ചുരുക്കിയത് വിപണിയിൽ പൂക്കളുടെ ലഭ്യത കുറയാൻ ഇടയാക്കി.
അത്തം പിറന്നതോടെ സ്കൂളുകൾ, ഓഫീസുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിലെ ഓണാഘോഷങ്ങൾക്കായുള്ള പൂക്കള മത്സരങ്ങൾ സജീവമായത് പൂക്കളുടെ ആവശ്യകത ഒറ്റയടിക്ക് വർദ്ധിപ്പിച്ചു. അരളി കിലോയ്ക്ക് 400 മുതൽ 600 രൂപ വരെയാണ്. ഇത്തവണ വിപണിയിലെ ഏറ്റവും വിലകൂടിയ താരവും അരളിയാണ്. ചെണ്ടുമല്ലി മഞ്ഞ, ഓറഞ്ച് നിറങ്ങളിൽ ഉള്ളത് കിലോയ്ക്ക് 80 മുതൽ 100 രൂപ വരെയും വാടാമല്ലി കിലോയ്ക്ക് 160 മുതൽ 200 രൂപ വരെയാണ് വില.
ജമന്തി കിലോയ്ക്ക് 200 മുതൽ 400 രൂപ വരെയും വെള്ള ജമന്തിക്ക് ലഭ്യതക്കുറവ് മൂലം വില ഇതിലും കൂടുതലാണ്. റോസിന് കിലോയ്ക്ക് 200 മുതൽ 400 രൂപ വരെയാണ് വില. മുല്ലപ്പൂവിന് ഗുണനിലവാരവും ലഭ്യതയും അനുസരിച്ച് കിലോയ്ക്ക് 1000 മുതൽ 3000 രൂപ വരെ ഉയരാൻ സാധ്യതയുണ്ട്. ഇതര സംസ്ഥാന പൂക്കൾക്ക് വിലയേറുമ്പോൾ,
കുടുംബശ്രീയുടെയും വിവിധ നാട്ടുകൂട്ടായ്മകളുടെയും നേതൃത്വത്തിൽ കേരളത്തിൽ നടപ്പിലാക്കിയ നാടൻ പൂക്കൃഷികൾ വിപണിയിൽ ചെറിയൊരു ആശ്വാസമാകുന്നുണ്ട്. എങ്കിലും വരും ദിവസങ്ങളിൽ ഓണാഘോഷം അതിന്റെ ഏറ്റവും വലിയ ആവേശത്തിലേക്കും തിരക്കിലേക്കും എത്തുമ്പോൾ പൂക്കളുടെ വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
സിന്ധു രാജീവ്