Banner Ads

ഓണത്തിനു മുമ്പേ പെൻഷൻ കൈകളിലേക്ക്; ക്ഷേമനിധി – സാമൂഹ്യസുരക്ഷാ പെൻഷനുകൾക്ക് തുക അനുവദിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമായി ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനുമായി തുക അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ക്ഷേമനിധി ബോർഡ് ഈ മാസത്തെ പെൻഷൻ വിതരണത്തിനായി 130.31 കോടി രൂപയാണ് അനുവദിച്ചത്. പെൻഷൻ വിതരണം നാളെ മുതൽ ഉണ്ടാകും.

6.59 ലക്ഷം ഗുണഭോക്താക്കൾക്ക് തുക ലഭ്യമാകും. കൂടാതെ ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 51.59 ലക്ഷം ഗുണഭോക്താക്കൾക്കാണ് ആനുകൂല്യം ലഭിക്കുക. ഈ മാസം 31നകം പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ മാസവും സഹകരണ സംഘങ്ങൾ വഴി പെൻഷൻ വീട്ടിൽ എത്തിക്കും.