Banner Ads

കരുവാറ്റ കൊലപാതകം: പതിമൂന്നുകാരിയായ പേരക്കുട്ടിയും മൂന്ന് സുഹൃത്തുക്കളും പിടിയിൽ

ഹരിപ്പാട്: കരുവാറ്റയിൽ 65-കാരനായ ശിവൻകുട്ടി ചെട്ടിയാരെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നിൽ എട്ടാം ക്ലാസുകാരിയായ പേരക്കുട്ടിയും കൗമാരക്കാരായ മൂന്ന് സുഹൃത്തുക്കളുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഐഫോണും ആഡംബര ബൈക്കും വാങ്ങാൻ വേണ്ടിയാണ് പ്രതികൾ ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലം പരവൂർ നെടുങ്ങോലം സ്വദേശിയും കരുവാറ്റയിൽ വാടകയ്ക്ക് താമസക്കാരനുമായ ശിവൻകുട്ടി ചെട്ടിയാരാണ് കൊല്ലപ്പെട്ടത്.

പതിമൂന്നുകാരിയായ പേരക്കുട്ടി നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിൽ ട്രെയി മാർഗ്ഗമാണ് മൂന്ന് കൗമാരക്കാർ ഹരിപ്പാട്ടെത്തിയത്. പെൺകുട്ടിക്ക് മുത്തശ്ശനോട് മുൻവൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. കൊലപാതകം നടക്കുമ്പോൾ പെൺകുട്ടി വീടിന് പുറത്ത് മാറി നിൽക്കുകയും സുഹൃത്തുക്കൾ ചേർന്ന് മുത്തശ്ശനെ വധിക്കുന്നത് നോക്കി നിൽക്കുകയുമായിരുന്നു.കിടക്കവിരി ഉപയോഗിച്ച് കൈകാലുകൾ പിന്നിലേക്ക് വലിച്ചുകെട്ടി ശ്വാസം മുട്ടിച്ചാണ് ശിവൻകുട്ടിയെ കൊലപ്പെടുത്തിയത്. തെളിവ് നശിപ്പിക്കാനായി സംഭവസ്ഥലത്ത് മുളകുപൊടി വിതറുകയും കിടപ്പുമുറിയിലെ അലമാര പൊളിച്ച് സ്വർണവും പണവും കവരുകയും ചെയ്തു.

മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുടെ ഭാര്യ ആശുപത്രിയിലായിരുന്നതിനാൽ സംഭവസമയത്ത് ഇദ്ദേഹവും പേരക്കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശനിയാഴ്ച വൈകിട്ടാണ് അയൽവാസികൾ ശിവൻകുട്ടിയെ അവസാനമായി കണ്ടത്. രണ്ടുദിവസമായി വീട് പൂട്ടിയിട്ടിരിക്കുകയാണെന്ന് പേരക്കുട്ടി തന്നെയാണ് അയൽവാസികളോട് പറഞ്ഞത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ കൂസലൊന്നുമില്ലാതെയാണ് പെൺകുട്ടി പെരുമാറിയിരുന്നത്. എന്നാൽ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പരവൂരിൽ നിന്നാണ് കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് കൗമാരക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായ നാല് പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്.