
ദില്ലി : രാജ്യത്ത് വധശിക്ഷ നടപ്പാക്കാൻ തൂക്കുകയറിന് പകരം വേദന കുറഞ്ഞ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്.
ഇതോടെ തൂക്കിലേറ്റിയുള്ള വധശിക്ഷാരീതി ഇന്ത്യയിൽ തുടരും. അതേസമയം വധശിക്ഷ നടപ്പാക്കുന്ന രീതി പുനപരിശോധിക്കുന്നതിന് കേന്ദ്ര സർക്കാരിന് തടസ്സമില്ലെന്നും കുറഞ്ഞ വേദനയും ശിക്ഷിക്കപ്പെടുന്നവരുടെ അന്തസ്സും ഉറപ്പാക്കുന്ന മറ്റ് വഴികളുണ്ടോ എന്ന് പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.
ഭാവിയിൽ ഇതുമായി ബന്ധപ്പെട്ട് ശക്തമായ ശാസ്ത്രീയ തെളിവുകൾ ലഭിക്കുകയാണെങ്കിൽ വിഷയം വീണ്ടും ഭരണഘടനാപരമായ പരിശോധനയ്ക്ക് വിധേയമാക്കാമെന്നും കോടതി നിരീക്ഷിച്ചു. 2017ൽ മുതിർന്ന അഭിഭാഷകൻ ഋഷി മൽഹോത്രയാണ് വധശിക്ഷ നടപ്പാക്കുന്ന സിആർപിസി 354(5) വകുപ്പി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.
തൂക്കിലേറ്റുന്നത് ക്രൂരവും ദീർഘനേരം വേദനയുണ്ടാക്കുന്നതുമാണെന്നും മാരക കുത്തിവെപ്പ് ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. അന്തസ്സോടെ മരിക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ഹർജിക്കാരൻ വാദിച്ചു.
കേസിൽ തടവുകാർക്ക് നിയമസഹായം നൽകുന്ന പ്രോജക്ട് 39 എ പ്രോഗ്രാമിനെ പ്രതിനിധീകരിച്ച് അഡ്വ മീനാക്ഷി അറോറയും വാദം ഉന്നയിച്ചിരുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാർ തലത്തിൽ പരിശോധന നടന്നു വരികയാണെന്ന് അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയും കോടതിയെ അറിയിച്ചിരുന്നു.