
കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം മണിക്കൂറുകൾ വൈകിയതിനെ തുടർന്ന് നിരവധി യാത്രക്കാർ ദുരിതത്തിൽ. ഇന്നലെ വൈകിട്ട് 6.40ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ഇതുവരെ സർവീസ് നടത്താതിരുന്നത്. ദുബായിൽ നിന്ന് കരിപ്പൂരിലേക്ക് എത്തേണ്ട വിമാനം ഇതുവരെ എത്താതാണ് സർവീസ് വൈകാൻ കാരണമെന്നാണ് വിവരം.
മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നിട്ടും താമസ സൗകര്യമോ മറ്റ് പ്രാഥമിക സൗകര്യങ്ങളോ അധികൃതർ ഏർപ്പെടുത്തി നൽകിയില്ലെന്ന് യാത്രക്കാർ ആരോപിച്ചു. വിമാനം എന്ന് പുറപ്പെടുമെന്നതിനെ കുറിച്ച് വ്യക്തമായ മറുപടി നൽകാൻ എയർലൈൻ അധികൃതർ തയ്യാറാകുന്നില്ലെന്നും യാത്രക്കാർ പ്രതികരിച്ചു.