
തിരുവനന്തപുരം : സംസ്ഥാനത്തും വിപുലമായ ചടങ്ങുകളോടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ നടന്ന പതാകയുയർത്തലിന് ശേഷം വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയും ഉണ്ടായിരുന്നു.
വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻസിസി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ എന്നിവർ അണിനിരന്ന പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങുകളിലോ സംസ്ഥാനത്തെ സ്കൂളുകളിലോ മറ്റ് സർക്കാർ പരിപാടികളിലോ വന്ദേമാതരം ആലാപനം ഉണ്ടായിരുന്നില്ല.
സംസ്ഥാനത്ത് പതിനാല് ജില്ലാ ആസ്ഥാനങ്ങളിലും വിവിധ മന്ത്രിമാരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടന്നു. പ്രളയം പ്രതിരോധിക്കുന്നതിനായി ശാസ്ത്രീയ സംവിധാനങ്ങൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
പ്രളയത്തിലും ദുരന്തങ്ങളിലും ജീവൻ നഷ്ടമായവർക്ക് ആദരമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് രാജ്യം ഒറ്റക്കെട്ടായി മുന്നേറണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് നൽകുന്ന ഔദാര്യമല്ല.
മറിച്ച് അവരുടെ അവകാശമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരേയിനം മനുഷ്യരെയും ഒരേ ഭാഷയും വിശ്വാസവും മാത്രം വളർത്തുന്ന വെറുപ്പിന്റെ തുരുത്തുകൾ സൃഷ്ടിക്കുന്ന ഒന്നല്ല ജനാധിപത്യമെന്നും ഏകവിള തോട്ടം പോലെയല്ല സമൂഹമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതുതലമുറയ്ക്ക് സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കാനുള്ള വഴിയൊരുക്കുമെന്നും ലഹരിയെന്ന വിപത്തിനെ സംസ്ഥാനത്തുനിന്ന് പൂർണ്ണമായും പടിയിറക്കുന്നത് സർക്കാരിന്റെ മുൻഗണനയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.