
കൊല്ലം : ഓച്ചിറ പരബ്രഹ്മ നഴ്സിങ് കോളേജിലെ വിദ്യാർത്ഥി അഹമ്മദ് നജാദിന്റെ ആത്മഹത്യയെ തുടർന്ന് എസ്എഫ്ഐ നടത്തിവന്ന പ്രതിഷേധ സമരം പിൻവലിച്ചു. ആരോപണവിധേയരായ നാല് അധ്യാപകരെ സസ്പെൻഡ് ചെയ്യാമെന്നും സമഗ്ര അന്വേഷണത്തിനായി കമ്മീഷനെ നിയോഗിക്കാമെന്നും കോളേജ് മാനേജ്‌മെന്റ് ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് എസ്എഫ്ഐ അറിയിച്ചു.
അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടായ കടുത്ത മാനസിക പീഡനമാണ് നജാദ് ജീവനൊടുക്കാൻ കാരണമെന്ന് സഹപാഠികളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് അധികൃതരുമായി നടത്തിയ ചർച്ചയിലാണ് അധ്യാപകർക്കെതിരെ നടപടിയെടുക്കാമെന്ന ധാരണയായത്.