Banner Ads

ഹൽദ്വാനി സംഭവം: ഖാർഗെയ്ക്ക് പിന്തുണയുമായി കോൺഗ്രസ്; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ തനിക്ക് നേരെ ജാതിവിവേചനവും അപമാനവും നേരിട്ടെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രക്ഷോഭം കടുപ്പിച്ച് കോൺഗ്രസ്. പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിന്റെ അവസാന ദിനമാണ് വിഷയം സഭയിൽ ഉന്നയിച്ച് ഖാർഗെ വൈകാരികമായി സംസാരിച്ചത്.

കഴിഞ്ഞദിവസം ഹൽദ്വാനിയിൽ താൻ പങ്കെടുത്ത കോൺഗ്രസ് റാലിക്ക് ശേഷം, താൻ ദളിതനായതുകൊണ്ട് ബി.ജെ.പി – സംഘപരിവാർ പ്രവർത്തകർ വേദി ‘ശുദ്ധീകരിക്കുക’ ആയിരുന്നുവെന്ന് ഖാർഗെ രാജ്യസഭയിൽ ആരോപിച്ചു. രാജ്യത്ത് അയിത്തവും ജാതി വിവേചനവും ഇപ്പോഴും നിലനിൽക്കുന്നു എന്നതിന്റെ തെളിവാണിതെന്നും ഈ അപമാനം താങ്ങാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക-ആത്മീയ പരിപാടികൾക്ക് മാത്രം ഉപയോഗിക്കുന്ന വേദിയിൽ രാഷ്ട്രീയ പരിപാടി നടത്തിയതിനാലാണ് അങ്ങനെ ചെയ്തതെന്നാണ് ‘ശ്രീറാം സേന’ എന്ന സംഘടനയുടെ വിശദീകരണം.

സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും രാജ്യസഭാ ചെയർമാൻ ഉറപ്പുനൽകി.വിഷയത്തിൽ ബി.ജെ.പി അധ്യക്ഷനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാർട്ടിക്ക് ഇതിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാണെന്നും കേന്ദ്രമന്ത്രി ജെ.പി. നദ്ദ വ്യക്തമാക്കി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പു പറയണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. നാളെ വൈകിട്ട് മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും കോൺഗ്രസ് പ്രതിഷേധ പ്രകടനങ്ങൾ നടത്തും.

ഖാർഗെയ്ക്ക് എതിരെയുണ്ടായ ഈ നീക്കം രാജ്യം മുഴുവൻ അപലപിക്കേണ്ടതാണെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ജാതീയ മനോഭാവമാണ് ഇവിടെ വ്യക്തമാകുന്നതെന്നും വിഷയം കണ്ടില്ലെന്ന് നടിക്കുന്ന പ്രധാനമന്ത്രിയുടെ മൗനം വിമർശനാത്മകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.